ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറെ ഖത്തറിൽ സ്വീകരിക്കുന്നു

വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ നാളെ കുവൈത്തിലെത്തും; ഒമ്പതു വരെ സന്ദർശനം

കുവൈത്ത് സിറ്റി: ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ ഔദ്യോഗിക സന്ദർശനത്തിനായി നാളെ കുവൈത്തിലെത്തും. കുവൈത്തിൽ ഈ മാസം ഏഴു മുതൽ ഒമ്പതു വരെയാണ് സന്ദർശനം. ഇന്ത്യയും കുവൈത്തും തമ്മിലുള്ള ബഹുമുഖ തന്ത്രപരമായ പങ്കാളിത്തത്തെ ഈ സന്ദർശനം അടിവരയിടുന്നു. കുവൈത്ത് ഭരണ നേതൃത്വം, വിദേശകാര്യമന്ത്രി, പ്രവാസി സമൂഹം എന്നിവരുമായി സന്ദർശനത്തിനിടെ എസ്. ജയശങ്കർ കൂടികാഴ്ച നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള വിവിധ ഉഭയകക്ഷി കരാറുകളുടെ പുരോഗതിയും വിലയിരുത്തും.

ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിലാണ് സന്ദർശനം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും പരസ്പര താൽപര്യമുള്ള മറ്റ് വിഷയങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ പങ്കുവെക്കാനുള്ള അവസരമായി ഇത് മാറുമെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

യു.എസ്-ഇറാൻ സമാധാന ചർച്ചകളുടെയും വെടിനിർത്തൽ ശ്രമങ്ങളുടെയും പശ്ചാത്തലത്തിൽ മേഖലയിലെ നിലവിലെ സാഹചര്യങ്ങൾ സന്ദർശനത്തിനിടെ ചർച്ചയാകും. ഹുർമുസ് കടലിടുക്കിലെ അന്തരീക്ഷം ഇന്ത്യയുടെ ഇന്ധനവിലയെ ബാധിച്ച സാഹചര്യത്തിൽ ഈ സന്ദർശനത്തിന് ഏറെ രാഷ്ട്രീയ-സാമ്പത്തിക പ്രാധാന്യമുണ്ട്.

വിദേശപര്യടനത്തിന്റെ ഭാഗമായി ഗൾഫ് മേഖലയിലെ ഖത്തർ, ബഹ്‌റൈൻ, ഒമാൻ രാജ്യങ്ങളും യു.എസ്, ബെൽജിയം എന്നിവയും ജയ്ശങ്കർ സന്ദർശിക്കുന്നുണ്ട്. ഞായറാഴ്ച ഖത്തറിലെത്തിയ എസ്. ജയ്ശങ്കർ, ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനിയുമായി കൂടിക്കാഴ്ച നടത്തി. ജൂലൈ ഒമ്പത്, 10 തീയതികളിൽ ഒമാനിലും സന്ദർശനം നടത്തും. തുടർന്ന് ബഹ്‌റൈൻ സന്ദർശിച്ചു ജൂലൈ 13 ന് ജയ്ശങ്കർ ന്യൂയോർക്കിലെത്തും.

2028-29 കാലയളവിലേക്കുള്ള ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയിലെ (യു.എൻ.എസ്.സി) ഇന്ത്യയുടെ താൽക്കാലിക അംഗത്വത്തിനായുള്ള ഔദ്യോഗിക പ്രചാരണത്തിന് അദ്ദേഹം യു.എസിൽ തുടക്കം കുറിക്കും. ജൂലൈ 14, 15 തീയതികളിൽ ബ്രസൽസ് സന്ദർശിക്കും. മൂന്നാമത് ഇന്ത്യ-യൂറോപ്യൻ യൂണിയൻ ട്രേഡ് ആൻഡ് ടെക്നോളജി കൗൺസിൽ യോഗത്തിലും പങ്കെടുക്കും. ബെൽജിയം വിദേശകാര്യമന്ത്രിയുമായും യൂറോപ്യൻ യൂനിയൻ പ്രതിനിധികളുമായും ചർച്ച നടത്തും. ഇന്ത്യ- യൂറോപ്യൻ യൂനിയൻ സ്വതന്ത്ര വ്യാപാര കരാർ ചർച്ചകൾ പൂർത്തിയായ ശേഷമുള്ള പ്രധാന കൂടിക്കാഴ്ച കൂടിയാകുമിത്.

Tags:    
News Summary - External Affairs Minister S. Jaishankar to arrive in Kuwait tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.