കുവൈത്ത് സിറ്റി: രാജ്യത്ത് ശക്തമായ സുരക്ഷാ പരിശോധന തുടരുന്നു. കഴിഞ്ഞ ദിവസം രാജ്യവ്യാപകമായി ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് റെസിഡൻസി ഇൻവെസ്റ്റിഗേഷൻസ് നടത്തിയ തീവ്ര സുരക്ഷാ പരിശോധനയിൽ 239 പേർ പിടിയിലായി.പിടിയിലായവരിൽ ഭൂരിപക്ഷവും റെസിഡൻസി, തൊഴിൽ നിയമലംഘകരാണ്. വിവിധ കേസുകളിൽ പൊലീസ് തിരയുന്ന പ്രതികളും പിടിയിലായതായി അധികൃതർ അറിയിച്ചു.ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അസ്സബാഹിന്റെ നിർദേശ പ്രകാരമായിരുന്നു പരിശോധന.
ആഭ്യന്തര മന്ത്രാലയം ആക്ടിംങ് അണ്ടർസെക്രട്ടറി മേജർ ജനറൽ അലി അൽ അദ്വാനി പരിശോധനക്ക് നേരിട്ടുള്ള മേൽനോട്ടം നൽകി. റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിക്കുന്നവരെ പിടികൂടുക, നിയമവിരുദ്ധ തൊഴിലാളികളെ നിരീക്ഷിക്കുക, പൊതുസുരക്ഷ ഉറപ്പാക്കുക എന്നിവയുടെ ഭാഗമായിരുന്നു പരിശോധന. നിയമലംഘകർക്കെതിരെ നടപടികൾ സ്വീകരിച്ചു ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.സുരക്ഷാ പരിശോധനകൾ തുടരുമെന്നും നിയമലംഘകർക്ക് എതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.
കുവൈത്ത് സിറ്റി: പൊതു നിയമലംഘനങ്ങൾ തടയുന്നതിന്റെ ഭാഗമായി അഹമ്മദി ഗവർണറേറ്റിൽ ആഭ്യന്തര മന്ത്രാലയവും കുവൈത്ത് മുനിസിപ്പാലിറ്റിയും ചേർന്ന് പരിശോധന നടത്തി. അഹ്മദി ഗവർണറേറ്റ് സുരക്ഷാ ഡയറക്ടറേറ്റിന്റെ പിന്തുണയോടെ ബ്രിഗേഡിയർ ജനറൽ ഹുസൈൻ ദഷ്ടിയുടെ മേൽനോട്ടത്തിലായിരുന്നു പരിശോധന.പ്രദേശത്ത് ഉപേക്ഷിച്ച വാഹനങ്ങൾ, അനധികൃത ഭക്ഷണ ട്രക്കുകൾ എന്നിവ സംഘം പരിശോധിച്ചു. ഉപേക്ഷിക്കപ്പെട്ട 17 വാഹനങ്ങൾ ഇവിടെനിന്ന് നീക്കംചെയ്തു.ഫഹാഹീൽ സെന്റർ സൂപ്പർവൈസർ മുഹമ്മദ് ഖബ്നൂദ് അൽ ഹജ്രി, ഇൻസ്പെക്ടർമാരായ ഹമദ് അൽ അസ്മി, അബ്ദുൽ അസീസ് മുത്തലിബ്, ദലാൽ അൽ ഹംർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.