കുവൈത്ത് അന്താരാഷ്ട്ര പുസ്തകമേള ഉദ്ഘാടന ശേഷം മന്ത്രി അബ്ദുൽ റഹ്മാൻ അൽ
മുതൈരിയും പ്രതിനിധികളും
കുവൈത്ത് സിറ്റി: പുസ്തകങ്ങളുടെയും അക്ഷരങ്ങളുടെയും മാഹാത്മ്യം വിളിച്ചോതി 48ാമത് കുവൈത്ത് അന്താരാഷ്ട്ര പുസ്തകമേളക്ക് തുടക്കം. ഇൻഫർമേഷൻ, സാംസ്കാരിക മന്ത്രിയും യുവജനകാര്യ സഹമന്ത്രിയുമായ അബ്ദുൽ റഹ്മാൻ അൽ മുതൈരി മേള ഉദ്ഘാടനം ചെയ്തു. കുവൈത്തിലെ ഏറ്റവും പ്രധാന സാംസ്കാരിക ഒത്തുചേരലുകളിലൊന്നായും പ്രസിദ്ധീകരണ മേഖലയിലെ പ്രമുഖ അന്താരാഷ്ട്ര വേദിയായും പുസ്തകമേളക്കുള്ള പ്രാധാന്യം മന്ത്രി സൂചിപ്പിച്ചു.
33 രാജ്യങ്ങളും 433 പവിലിയനുകളും ഏകദേശം 611 പ്രസാധകരും പ്രദർശകരും ഈ വർഷം മേളയുടെ ഭാഗമാണ്.
പങ്കെടുക്കുന്ന രാജ്യങ്ങളുടെ എണ്ണം 30ൽ നിന്ന് 33 ആയത് മേളയുടെ വർധിച്ചുവരുന്ന അന്താരാഷ്ട്ര നിലവാരത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു. 2,70,000ത്തിൽ അധികം പുസ്തകങ്ങൾ പ്രദർശനത്തിലുണ്ട്. കഴിഞ്ഞ വർഷത്തേക്കാൾ 35,000 എണ്ണം കൂടുതലാണിത്.
ഒമാനാണ് ഈ വർഷത്തെ മേളയുടെ വിശിഷ്ടാതിഥി. ചർച്ചകൾ, വർക്ക്ഷോപ്പുകൾ, സെമിനാറുകൾ എന്നിവക്കായി കൾചറൽ ഹാൾ, കൾചറൽ കഫേ, ചിൽഡ്രൻസ് പവിലിയൻ എന്നിവ മേളയിൽ പ്രത്യേകം ഒരുക്കിയിട്ടുണ്ട്. എഴുത്തുകാർ, ചിന്തകർ, പ്രസാധകർ എന്നിവർക്ക് പൊതുജനങ്ങളുമായി ഇടപഴകാൻ ഇത് സഹായകമാണ്. മേള ഈ മാസം 29 വരെ തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.