കുവൈത്ത് സിറ്റി: കടൽ വഴിയുള്ള കള്ളക്കടത്ത് തടയുന്നതിൽ രാജ്യം വലിയ പുരോഗതി കൈവരിച്ചതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് കോസ്റ്റ് ഗാർഡ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ ശൈഖ് മുബാറക് അലി അൽ യൂസഫ്. ഇതിൽ 90 ശതമാനം വരെ അല്ലെങ്കിൽ ഏതാണ്ട് പൂജ്യം എന്ന നിരക്ക് കൈവരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2026 ആകുമ്പോഴേക്കും തീരദേശ നിരീക്ഷണ സംവിധാനവും പട്രോളിങ് ബോട്ട് പദ്ധതിയും പൂർണമായും പ്രവർത്തനക്ഷമമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സബാഹ് അൽ അഹ്മദ് നാവിക താവളത്തിൽ നടന്ന ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) രാജ്യങ്ങളിലെ കോസ്റ്റ് ഗാർഡുകളുടെ ഡയറക്ടർ ജനറൽമാരുടെ വാർഷിക യോഗത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു ശൈഖ് മുബാറക്. സൗദി അറേബ്യ, ഒമാൻ, യു.എ.ഇ, ഖത്തർ, ബഹ്റൈൻ എന്നിവിടങ്ങളിൽനിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു. അനുഭവങ്ങൾ കൈമാറുന്നതിനും സംയുക്ത ആസൂത്രണത്തിന് അടിത്തറയിടുന്നതിനുമുള്ള യോഗത്തിന് ആതിഥേയത്വം വഹിക്കുന്നതിൽ കുവൈത്ത് അഭിമാനിക്കുന്നതായും അദ്ദേഹം പറഞ്ഞു.
നിയന്ത്രണങ്ങളും പരിശോധനകളും കർശനമാക്കിയതോടെ കഴിഞ്ഞ വർഷം രാജ്യത്ത് ലഹരികടത്തിൽ വലിയ കുറവുണ്ടായതായി ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസുഫ് സഊദ് അസ്സബാഹും വ്യക്തമാക്കിയിരുന്നു. ലഹരി ഇടപാടുകാർക്ക് വധശിക്ഷ അടക്കം ഉൾപ്പെടുത്തി കുവൈത്ത് പുതിയ നിയമം കൊണ്ടുവന്നിട്ടുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.