തമിഴ്നാട് ദിണ്ഡികൽ സ്വദേശി സദം പാണ്ഡ്യൻ രക്തം നൽകുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് പൗരെൻറ കാൻസർ ചികിത്സക്ക് ഇന്ത്യക്കാരൻ അപൂർവ ഗ്രൂപ്പിലുള്ള രക്തം നൽകി. തമിഴ്നാട് ദിണ്ഡികൽ സ്വദേശി സദം പാണ്ഡ്യനാണ് രക്തം നൽകിയത്. ബോംബെ ഗ്രൂപ്പ് എന്നറിയപ്പെടുന്ന അത്യപൂർവ ഗ്രൂപ്പിൽ പെട്ട ദാതാവിനെ സംഘടിപ്പിച്ചു നൽകിയത് ബ്ലഡ് ഡോണേഴ്സ് കേരള കുവൈത്ത് ആണ്. ലക്ഷത്തിൽ നാലുപേർക്കാണ് ഇൗ രക്തം ഉണ്ടാവാറുള്ളത്. കുവൈത്തിൽ ആകെ മൂന്നുപേരേയുള്ളൂ.
അതിലൊരാൾക്കാണ് രോഗം ബാധിച്ചത്. ആവശ്യം വന്നപ്പോൾ സെൻട്രൽ ബ്ലഡ് ബാങ്ക് ബ്ലഡ് ഡോണേഴ്സ് കേരള കുവൈത്തിനെ ബന്ധപ്പെട്ടു. സംഘടനയുടെ ഡാറ്റ ബാങ്കിൽ വിവരം ഉണ്ടായിരുന്നു. ബാക്കി രണ്ടുപേരിൽ ഒരാൾക്ക് ഭാരക്കുറവുള്ളതിനാൽ രക്തം നൽകാൻ കഴിയില്ല. ബി.ഡി.കെയുമായി ബന്ധമുള്ള സദം പാണ്ഡ്യൻ രക്തം നൽകാൻ സന്നദ്ധനാവുകയായിരുന്നു. തിങ്കളാഴ്ച രാത്രി അദ്ദേഹം രക്തബാങ്കിലെത്തി രക്തം നൽകി.
ബി.ഡി.കെ ഭാരവാഹികളും കൂടെയുണ്ടായിരുന്നു. നേരത്തെ ബോംബെ ഗ്രൂപ്പ് രക്തദാതാവിനെ ഖത്തറിൽനിന്ന് കുവൈത്തിലെത്തിച്ച് ബി.ഡി.കെ കുവൈത്ത് ചാപ്റ്റർ മാതൃകയായിരുന്നു. അദാൻ ആശുപത്രിയിൽ സിസേറിയൻ കാത്തു കഴിയുന്ന മംഗലാപുരം സ്വദേശിനിയായ യുവതിക്കാണ് രാജ്യാന്തര ഇടപെടലിലൂടെ അന്ന് രക്തദാതാവിനെ കിട്ടിയത്. ഖത്തറിൽ അൻസാർ ഗാലറിയിൽ ജോലി ചെയ്യുന്ന നിധീഷ് രഘുനാഥാണ് രക്തം നൽകിയത്. രക്തദാതാവ് രാജ്യത്ത് സ്ഥിരതാമസമുള്ള ആളായിരിക്കണമെന്ന നിബന്ധന തൽക്കാലത്തേക്ക് മാറ്റിവെച്ചാണ് കുവൈത്ത് ബ്ലഡ് ബാങ്ക് കാരുണ്യപ്രവൃത്തിക്ക് കൂട്ടുനിന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.