കുവൈത്ത് സിറ്റി: അർദിയയിൽ കുടുംബത്തിലെ മൂന്നുപേരെ കുത്തിക്കൊന്ന സംഭവത്തിൽ ഇന്ത്യക്കാരൻ അറസ്റ്റിലായി. കുവൈത്ത് പൗരൻ അഹ്മദ് (80), ഭാര്യ ഖാലിദ (50), മകൾ അസ്മ (18) എന്നിവർ കൊല്ലപ്പെട്ട സംഭവത്തിലാണ് രണ്ടുദിവസത്തിനകം പ്രതിയെ പിടികൂടിയത്.
വെള്ളിയാഴ്ചയാണ് മൂന്നുപേരുടെ മൃതദേഹം അർദിയയിലെ വീട്ടിൽ കണ്ടെത്തിയത്.
മരിച്ച ഖാലിദയുടെ സഹോദരനാണ് മൃതദേഹം കണ്ട് പൊലീസിനെ അറിയിച്ചത്. സംഭവസ്ഥലത്തെ ചുറ്റുമുള്ള സി.സി.ടി.വി ദൃശ്യങ്ങളിൽനിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
സാമ്പത്തിക തർക്കം മൂലമാണ് കുറ്റം ചെയ്തതെന്ന് പ്രതി സമ്മതിച്ചതായി പൊലീസ് അറിയിച്ചു. സുലൈബിയയിൽനിന്നാണ് ഇയാളെ പിടികൂടിയത്. വിവരം ലഭിച്ചയുടൻ പ്രത്യേക സംഘം രൂപവത്കരിച്ച് അന്വേഷണം ആരംഭിച്ചിരുന്നു. കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ തന്നെയാണ് ഇയാൾ ഇരകളുടെ വീട്ടിൽ എത്തിയതെന്ന് പൊലീസ് പറഞ്ഞു.
മാറ്റിയുടുക്കാൻ വസ്ത്രവുമായാണ് ഇയാൾ വന്നത്. തിരിച്ചുപോകുമ്പോൾ മറ്റൊരു വസ്ത്രത്തിലായിരുന്നുവെന്ന് സി.സി.ടി.വി ദൃശ്യം വ്യക്തമാക്കുന്നു. വീടിന്റെ വ്യത്യസ്ത ഭാഗത്തായിരുന്നു മൃതദേഹം കിടന്നിരുന്നത്.
പ്രതിക്ക് ഈ വീട്ടിലുള്ളവരുമായി മുൻപരിചയമുണ്ട്.
ഇവിടെനിന്ന് കൊണ്ടുപോയ സ്വർണം വിറ്റ ഇൻവോയ്സും 300 ദീനാറും പ്രതിയിൽനിന്ന് കണ്ടെടുത്തു. വീട്ടിലെ മുഴുവൻ സ്വർണവും എടുത്തിട്ടില്ല.
മൃതദേഹത്തിൽ സ്വർണാഭരണം കണ്ടതിനാൽ കൊലപാതകത്തിന് പ്രേരണ മോഷണം അല്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കഴിഞ്ഞദിവസം സൂചിപ്പിച്ചിരുന്നു.
* ഇന്ത്യക്കാരെ കുറിച്ച് കുവൈത്തികൾക്ക് വലിയ മതിപ്പായിരുന്നു; കൂട്ടക്കൊല നാടിനെ നടുക്കി
കുവൈത്ത് സിറ്റി: ഇന്ത്യൻ തൊഴിലാളി സമൂഹത്തെ കുറിച്ച് കുവൈത്ത് ഭരണകൂടത്തിനും ജനങ്ങൾക്കും വലിയ മതിപ്പായിരുന്നു.
അച്ചടക്കവും കാര്യക്ഷമതയും ഉള്ളവർ എന്നായിരുന്നു ഇന്ത്യക്കാരെ കുറിച്ച് വിശേഷിപ്പിച്ചിരുന്നത്. കഴിഞ്ഞദിവസം അർദിയയിലുണ്ടായ കൊലപാതകങ്ങളിൽ പ്രതി ഇന്ത്യക്കാരനായത് ഇന്ത്യൻ സമൂഹത്തിന് തിരിച്ചടിയാണ്.
വിഷയം സ്വദേശികൾക്കിടയിൽ വലിയ തോതിൽ ചർച്ചയായിട്ടുണ്ട്. രാജ്യത്തെ നടുക്കിയ കൊലപാതകമാണ് നടന്നത്.
കുടുംബനാഥനും ഭാര്യയും മകളും കുത്തേറ്റു മരിച്ചത് വീടുമായി നേരത്തേ ബന്ധമുള്ളയാളുടെ കൈകൾ കൊണ്ടാണ്. പരിചയമുള്ളതിനാൽ വീട്ടമ്മതന്നെയാണ് വാതിൽ തുറന്ന് സ്വീകരിച്ചത് എന്നാണ് പ്രതി നൽകിയ മൊഴി.
കുടിക്കാനുള്ള പാനീയം തയാറാക്കാൻ അടുക്കളയിലേക്ക് പോയ വീട്ടമ്മയെ അടുക്കളയിലിട്ടാണ് കുത്തിയത്.
മുകൾനിലയിലായിരുന്നു കുടുംബനാഥന്റെ മൃതദേഹം. ഇന്ത്യൻ തൊഴിലാളികളോടുള്ള വിശ്വാസ്യതക്കുമേലാണ് പ്രതി കത്തി കുത്തിയിറക്കിയത്. നേരത്തേ മറ്റുചില രാജ്യക്കാരിൽനിന്ന് ഇത്തരം കുറ്റകൃത്യങ്ങൾ ഉണ്ടായതിനുശേഷം ആ സമൂഹത്തോടുള്ള സ്വദേശികളുടെ സമീപനത്തിൽ മാറ്റമുണ്ടായിട്ടുണ്ട്.
ഒറ്റപ്പെട്ട സംഭവമാണെങ്കിലും ഇന്ത്യക്കാരനിൽനിന്നുണ്ടായ ഈ കിരാതകൃത്യം പ്രത്യാഘാതം സൃഷ്ടിക്കുന്നതാണ്.
കൊലപാതക വിവരം പുറത്തുവന്നപ്പോൾ തന്നെ സ്വദേശികൾക്കിടയിൽ ട്വിറ്റർ കാമ്പയിൻ സജീവമായിരുന്നു.
ചിലരുടെ ചെയ്തികൾക്ക് വില കൊടുക്കേണ്ടിവരുന്നത് സമൂഹമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.