കുവൈത്ത് സിറ്റി: രാജ്യത്ത് നടപ്പിലാക്കിയ പുതിയ ലഹരിവിരുദ്ധ നിയമം വൻ വിജയം. നിയമം വന്നതിന് ശേഷമുള്ള ആദ്യ നാല് മാസങ്ങളിൽ മയക്കുമരുന്ന് ഇടപാട് കേസുകൾ മുൻ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 44 ശതമാനം കുറഞ്ഞതായി നീതിന്യായ മന്ത്രി നാസർ അൽ സുമൈത്.
ഈ കാലയളവിൽ പബ്ലിക് പ്രോസിക്യൂഷൻ 111 കേസുകളുടെ കുറവ് കാണിച്ചു. ഇതോടെ കേസുകളുടെ എണ്ണം 144 ആയി കുറഞ്ഞു. മുൻ വർഷം ഇത് 255 ആയിരുന്നു. കുറ്റകൃത്യങ്ങൾ കുറഞ്ഞതിൽ പുതിയ നിയമനിർമ്മാണത്തിന്റെ സ്വാധീനം പ്രകടമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മയക്കുമരുന്നുകളുടെയും സൈക്കോട്രോപിക് വസ്തുക്കളുടെയും നിയന്ത്രണം, ഉപയോഗവും കടത്തും നിയന്ത്രിക്കൽ എന്നിവ സംബന്ധിച്ച പുതിയ നിയമം കഴിഞ്ഞ വർഷം ഡിസംബർ പകുതിയോടെയാണ് പ്രാബല്യത്തിൽ വന്നത്.
ലഹരി കേസുകളിൽ കർക്കശവും സമഗ്രവുമായ നടപടികൾ ഉറപ്പുവരുത്തുന്ന പുതിയ നിയമത്തിൽ മയക്കുമരുന്ന് കേസുകളിൽ വധശിക്ഷ, തടവ്, പിഴ എന്നിങ്ങനെ ശിക്ഷ കനത്തതാക്കിയിട്ടുണ്ട്. ശിക്ഷാനടപടികൾ, പ്രതിരോധം, ചികിത്സ എന്നിവയുൾപ്പെടെ മയക്കുമരുന്നുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും പുതിയ നിമയത്തിൽ ഉൾക്കൊള്ളുന്നു.
ലഹരിയിൽ നിന്ന് സമൂഹത്തെ സംരക്ഷിക്കുക എന്നത് കൂട്ടായ ഉത്തരവാദിത്തമാണെന്ന നിലയിലാണ് അധികൃതർ കാണുന്നത്. ഇതിന്റെ ഭാഗമായി വിവിധ തലങ്ങളിൽ ബോധവത്ക്കരണ കാമ്പയിനും ആരംഭിച്ചിരുന്നു.
ലഹരിവസ്തുക്കളുമായി ആറു പേർ പിടിയിൽ
കുവൈത്ത് സിറ്റി: ലഹരിവസ്തുക്കളുമായി വ്യത്യസ്ത കേസുകളിൽ ആറു പേർ ആഭ്യന്തര മന്ത്രാലയം പിടിയിൽ. എയർ കാർഗോ വഴി ദ്രാവക മെത്താംഫെറ്റാമൈൻ കടത്താനുള്ള ശ്രമവും പിടികൂടി.
1,700 ലിറിക്ക കാപ്സ്യൂളുകൾ, 500 ഗ്രാം ഹാഷിഷ്, 50 ഗ്രാം കൊക്കെയ്ൻ, മൂന്ന് ഗ്രാം മെത്താംഫെറ്റാമൈൻ, 400 മില്ലി കെമിക്കൽ ഓയിൽ, 30 ഗ്രാം കെമിക്കൽ പദാർത്ഥം, കെമിക്കൽ ഓയിൽ അടങ്ങിയ ഇലക്ട്രോണിക് ഷിഷ ഉപകരണം, മയക്കുമരുന്ന് ഉപയോഗ സാമഗ്രികൾ എന്നിവ പിടിച്ചെടുത്ത വസ്തുക്കളിൽ ഉൾപ്പെടുന്നു.
ലിക്വിഡ് മെത്താംഫെറ്റാമൈൻ കടത്താനുള്ള ശ്രമത്തിനിടെ ഒരാളെയും അറസ്റ്റ് ചെയ്തു. കുവൈത്ത് ജനറൽ ഡയറക്ടറേറ്റ് ഫോർ ഡ്രഗ് കൺട്രോൾ (ജി.ഡി.ഡി.സി) യു.എ.ഇയിലെ വിഭാഗവും തമ്മിലുള്ള ഏകോപനത്തിലാണ് കസ്റ്റംസ് ഇയാളെ പിടികൂടിയത്.
പിടിയിലായവർക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചതായും ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
മയക്കുമരുന്ന് വിൽക്കൽ, കടത്ത്, ഉപയോഗം എന്നിവക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി.
സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി പരിശോധനകൾ തുടരുമെന്നും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.