ഓർമയിൽ മിഴിവോടെ തങ്ങി നിൽക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷം ബാംഗ്ലൂരിൽ കാർമൽ കോൺവെന്റ് സ്കൂളിലെ നാലാം ക്ലാസ് മുതലാണ്. ആഘോഷത്തിന്റെ ഒരുക്കങ്ങൾ നേരത്തെ തുടങ്ങും. ദിവസങ്ങൾക്കു മുന്നേ ക്ലാസിലെ മുഴുവൻ കുട്ടികളെയും ദേശഭക്തി ഗാനങ്ങൾ പഠിപ്പിക്കും. ക്രാഫ്റ്റ് ക്ലാസിൽ പേപ്പറിൽ കട്ട് ചെയ്ത് നിർമിച്ച ദേശീയ പതാകകൾ കളർ ചെയ്തു ബോർഡിൽ ഒട്ടിച്ചു വെച്ചും. വലിയ ക്ലാസിലെ കുട്ടികൾ സ്വാതന്ത്ര്യ സമരസേനാനികളുടെ ചിത്രങ്ങൾ ചാർട്ട് പേപ്പറിൽ ഒട്ടിച്ചു വിവരണങ്ങൾ എഴുതിയും എക്സിബിഷൻ ഹാൾ ഒരുക്കും. ആദിവസങ്ങൾ മുഴുവൻ സ്വാതന്ത്ര്യ സമര പോരാട്ട ഓർമകളുടെ അന്തരീക്ഷത്തിലാകും സ്കൂളും പരിസരവും.
അധ്യാപകർ സ്വാതന്ത്ര്യ സമരസേനാനികളുടെയും ഗാന്ധിജിയുടെയും വീര പോരാട്ട കഥകളും ത്യാഗങ്ങളും പറഞ്ഞു തരും. മുഴുവൻ മനസ്സിലായില്ലെങ്കിലും നമ്മുടെ നാടിനുവേണ്ടി എല്ലാം മറന്നുപോരാടിയ ആ മഹാൻമാരെ കേട്ടിരിക്കൽ ഇഷ്ടമായിരുന്നു.ആഗസ്റ്റ് 15ന് വിദ്യാർഥികൾ എല്ലാവരും വെള്ള വസ്ത്രം അണിഞ്ഞാകും എത്തുക. വസ്ത്രത്തിൽ ദേശീയ പതാകയുടെ ചെറുരൂപങ്ങൾ കുത്തിവെച്ചു സ്കൂൾ അസംബ്ലിയിൽ വരിയായി നിന്ന് ചടങ്ങിൽ പങ്കെടുക്കും. ഇതു കഴിഞ്ഞാൻ ധാരാളം മിഠായികളും കിട്ടും.
നാട്ടിൽ എത്തിയതോടെ ആഘോഷങ്ങൾ ഗ്രാമീണ അന്തരീക്ഷത്തിലായി. സ്കൂളിൽ ക്വിസ് മത്സരങ്ങളും പ്രസംഗമത്സരങ്ങളും പ്രച്ചന്ന വേഷ മത്സരങ്ങളും ഈ ദിവസം നടക്കും. നാട് തോരണങ്ങളാൽ അലങ്കരിച്ചു ഭംഗികൂട്ടിയിട്ടുണ്ടാകും. വായനശാലകളിൽ പതാക ഉയർത്തലും പായസ വിതരണം ഒക്കെയുണ്ടായിരുന്നു. ഇതിനൊപ്പം അന്തരീക്ഷത്തിൽ ദേശഭക്തി ഗാനങ്ങളും ഒഴുകിയെത്തും.
അങ്ങനെ ഒരിക്കൽ നാട്ടിലെ സ്വാതന്ത്ര്യ സമര സേനാനികളെ ആദരിക്കുന്ന ചടങ്ങും സ്കൂൾ അസംബ്ലിയിൽ വെച്ചു നടന്നു. ആ കൂട്ടത്തിൽ കുണ്ടഞ്ചാലിൽ കൃഷ്ണൻ എന്ന് പേരുള്ള എന്റെ അച്ചാച്ഛനും ഉണ്ടായിരുന്നു. അച്ചാച്ഛൻ പഴയകാല അനുഭവങ്ങൾ പറയവെ അദ്ദേഹത്തിന്റെ കൊച്ചുമകളായതിൽ ഏറെ അഭിമാനം തോന്നി.വളരും തോറും സ്വാതന്ത്രസമര ചരിത്രവും സമരസേനാനികളെയും കൂടുതൽ അറിഞ്ഞു. സ്വാതന്ത്ര്യ സമര സേനാനിയായ വലിയച്ഛൻ ജയിലിൽ കിടന്നതിന്റെയും അടികൊണ്ടതിന്റെയും പാടുകൾ കാണിച്ചും ഗാന്ധിജിയെ കണ്ടതും ഒക്കെ വിവരിച്ചു എന്നിലെ രാജ്യസ്നേഹിയെ ഉറപ്പിച്ചു.
കുവൈത്തിൽ എത്തിയതോടെ ഇന്ത്യൻ എംബസി സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷങ്ങളിലും റിപ്പബ്ലിക് ദിനാഘോഷങ്ങളിലും ആവേശത്തോടെ പങ്കെടുത്തു വരുന്നു. എംബസിയുടെ മുറ്റത്തു ഇന്ത്യൻ ദേശീയ പതാക ഉയർന്നുപൊങ്ങുമ്പോൾ സ്വാതന്ത്ര്യത്തിനായി പോരാടിയ നമ്മുടെ നേതാക്കളെ ഓർക്കും. അതിലേക്ക് അപ്പോൾ അച്ചാച്ഛന്റെ മുഖവും കടന്നുവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.