മിഷ്രിഫ് ഇൻറർനാഷനൽ എക്സിബിഷൻ സെൻററിലെ കോവിഡ് വാക്സിനേഷൻ
കേന്ദ്രത്തിൽ കുത്തിവെപ്പെടുക്കുന്നു
കുവൈത്ത് സിറ്റി: 2021 സെപ്റ്റംബറോടെ 80 ശതമാനം രാജ്യനിവാസികൾക്ക് കോവിഡ് പ്രതിരോധ കുത്തിവെപ്പെടുക്കാൻ ലക്ഷ്യമിട്ട് കുവൈത്ത്. 48 ലക്ഷം വരുന്ന വിദേശികളും സ്വദേശികളുമടങ്ങുന്ന കുവൈത്ത് ജനസംഖ്യക്ക് പൂർണമായി കോവിഡ് വാക്സിൻ നൽകാൻ ഇൗ വർഷം അവസാനം വരെയെങ്കിലും ദൗത്യം തുടരേണ്ടി വരും. വാക്സിനെടുക്കാൻ തയാറാവാതെയും ഒരു വിഭാഗം ജനങ്ങളുണ്ട്.
ഡിസംബർ 24ന് പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ് വാക്സിൻ സ്വീകരിച്ചാണ് രാജ്യത്ത് വാക്സിനേഷൻ ആരംഭിച്ചത്. മിഷ്രിഫ് ഇൻറർനാഷനൽ എക്സിബിഷൻ സെൻററിലെ ഹാൾ അഞ്ചിലാണ് ഇപ്പോൾ കുത്തിവെപ്പ്. അടുത്തയാഴ്ച ജഹ്റ, അഹ്മദി എന്നിവിടങ്ങളിൽ കൂടി സ്ഥാപിക്കും. ഇതോടെ പ്രതിദിനം 10,000 പേർക്ക് കുത്തിവെപ്പെടുക്കാനാവും. ആഴ്ചയിൽ എല്ലാ ദിവസവും കേന്ദ്രം പ്രവർത്തിക്കും. രാജ്യനിവാസികളിൽ 30 ലക്ഷം വിദേശികളാണ്. ഫൈസർ, ബയോൺടെക് വാക്സിനാണ് ഇപ്പോൾ നൽകുന്നത്. ഫെബ്രുവരിയിൽ ഒാക്സ്ഫഡ് വാക്സിൻ എത്തിക്കും. മോഡേണ തുടങ്ങിയ മറ്റു വാക്സിനുകളും ഇറക്കുമതി ചെയ്യാൻ കുവൈത്തിന് പദ്ധതിയുണ്ട്. ആദ്യ ബാച്ച് ആയി 1,50,000 ഡോസ് ഫൈസർ, ബയോൺടെക് വാക്സിൻ എത്തിച്ചിരുന്നു. ഇത് 75,000 പേർക്ക് തികയും. ആരോഗ്യ പ്രവർത്തകർക്കും പ്രായമായവർക്കുമാണ് ആദ്യഘട്ടത്തിൽ വാക്സിൻ നൽകുന്നത്. ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിൽ 10 ലക്ഷം ഡോസ് വീതം ഒാക്സ്ഫഡ് ആസ്ട്രസെനിക്ക വാക്സിൻ ഇറക്കുമതി ചെയ്യും.
400ലേറെ ആരോഗ്യ ജീവനക്കാർക്ക് പ്രത്യേക പരിശീലനം നൽകി സജ്ജമാക്കിയിട്ടുണ്ട്. കോവിഡ് പ്രതിരോധ കുത്തിവെപ്പിെൻറ ആദ്യ ഡോസ് എടുത്ത ശേഷം രണ്ടാം ഡോസ് എടുക്കുന്നതിന് മുമ്പ് വിദേശയാത്ര നടത്തരുതെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ആദ്യ ഡോസ് എടുത്ത് 21 ദിവസത്തിന് ശേഷമാണ് രണ്ടാമത്തെ ഡോസ് എടുക്കേണ്ടത്. ഇത് ബൂസ്റ്റർ ഡോസ് ആണ്. രണ്ടാം ഡോസ് എടുത്ത് ഒരാഴ്ചക്ക് ശേഷമാണ് ഫലം പൂർണ തോതിൽ ലഭിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.