വി.ഡി. സതീശൻ, കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ
കാന്തപുരത്തിനെതിരായ വി.ഡി.സതീശന്റെ പ്രതികരണം ദൗർഭാഗ്യകരം-ഐ.സി.എഫ്
കുവൈത്ത് സിറ്റി: പൊതുജീവിതത്തിൽ മുസ്‌ലിങ്ങൾ പാലിക്കേണ്ട മാന്യതയുടെയും സാമൂഹിക അച്ചടക്കത്തിന്റെയും ആവശ്യകത ചൂണ്ടിക്കാണിച്ച് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ നടത്തിയ പരാമർശനത്തിന് മുഖ്യമന്ത്രി വി.ഡി.സതീശൻ നടത്തിയ പ്രതികരണം ദൗർഭാഗ്യകരവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് ഐ.സി.എഫ് ഇന്റർനാഷണൽ കൗൺസിൽ. ഈ വിഷയത്തിൽ പി.കെ. ശ്രീമതിയും, എ.കെ. ബാലനും, ജിന്റോ ജോണും തുടക്കമിട്ട പ്രതികരണങ്ങൾ ഖേദകരമാണെന്നും ഐ.സി.എഫ് വ്യക്തമാക്കി.
സ്ത്രീകളുടെ സ്വാതന്ത്ര്യത്തെയോ അവകാശങ്ങളെയോ ചോദ്യം ചെയ്യുകയായിരുന്നില്ല, സമൂഹത്തിന്റെ സുഗമമായ ഗമനവും സുരക്ഷയും സംബന്ധമായ വീക്ഷണം ചൂണ്ടിക്കാണിക്കുകയാണ് കാന്തപുരം ചെയ്തത്. മതപണ്ഡിതർ നിർവഹിക്കേണ്ട ദൗത്യമാണത്. അതിനെ അനാവശ്യ വിവാദങ്ങൾക്ക് വഴിയൊരുക്കുന്നത് ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരാൾക്ക് ഉചിതമായ സമീപനമല്ല.
സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടതുപോലെ, അവരുടെ മാന്യതയും സുരക്ഷയും ആത്മാഭിമാനവും കാത്തുസൂക്ഷിക്കപ്പെടേണ്ടതുണ്ട്. മതങ്ങൾക്ക് ഈ വിഷയത്തിൽ വ്യക്തമായ വീക്ഷണങ്ങളുണ്ടാവും. വാക്കുകളെ വളച്ചൊടിക്കുന്നതിന് പകരം, കാന്തപുരം മുന്നോട്ടുവെച്ച മാന്യത, അച്ചടക്കം, പരസ്പര ബഹുമാനം എന്നീ മൂല്യങ്ങളുടെ സാമൂഹിക പ്രസക്തിയെയാണ് ചർച്ച ചെയ്യേണ്ടതും ഉൾക്കൊള്ളേണ്ടതും.
വിഷയത്തിന്റെ മർമത്തിലേക്ക് വരാതെ വിവാദങ്ങൾ സൃഷ്ടിക്കാനാണ് ചില രാഷ്ട്രീയ നേതാക്കളും മാധ്യമപ്രവർത്തകരും ശ്രമിക്കുന്നത്. അഭിപ്രായവ്യത്യാസങ്ങളിൽ പുലർത്തേണ്ട സാമാന്യ മര്യാദകൾ പോലും പാലിക്കാതെ മത പണ്ഡിതരെ വ്യക്തിഹത്യ നടത്തുകയും ചരിത്രത്തെ വക്രീകരിക്കുകയും ചെയ്യുന്ന നിലപാട് അപലപനീയമാണെന്നും കൗൺസിൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.