തൊഴിലാളി ക്ഷേമവുമായി ബന്ധപ്പെട്ട് നടന്ന ചർച്ചയിൽ അസിസ്റ്റന്റ് വിദേശകാര്യ മന്ത്രി അംബാസഡർ ശൈഖ ജവഹർ ഇബ്രാഹിം അൽ ദുവൈജും പ്രതിനിധികളും
കുവൈത്ത് സിറ്റി: തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായി അവർക്ക് അനുയോജ്യമായ താമസവും തൊഴിൽ അന്തരീക്ഷവും നൽകുന്നതിനും കുവൈത്ത് പ്രതിജ്ഞാബദ്ധമാണെന്ന് മനുഷ്യാവകാശകാര്യ അസിസ്റ്റന്റ് വിദേശകാര്യ മന്ത്രി അംബാസഡർ ശൈഖ ജവഹർ ഇബ്രാഹീം അൽ ദുവൈജ് അസ്സബാഹ്. ‘കുവൈത്തിലെ പാർപ്പിട, തൊഴിലാളി ക്ഷേമം: അന്താരാഷ്ട്ര മാനദണ്ഡങ്ങളും സുസ്ഥിര ദേശീയ പരിഹാരങ്ങളും’ എന്ന തലക്കെട്ടിൽ നടന്ന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ. മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള ദേശീയവും ഭരണഘടനാപരവുമായ പ്രതിബദ്ധതയുടെ ഭാഗമാണ് ഇത്. രാജ്യത്തെ മൊത്തം തൊഴിലാളികളുടെ 75 ശതമാനവും കരാർ തൊഴിലാളികളാണ്. 174 ലധികം രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികൾ ഇതിലുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.
നീതിയും സുതാര്യതയും വർധിപ്പിക്കുന്നതിന് മനുഷ്യക്കടത്ത്, ഗാർഹിക തൊഴിലാളികളുടെ താമസം, സ്വകാര്യ മേഖലയിലെ ജോലി നിയമങ്ങൾ നവീകരിച്ചു. ഇത്തരത്തിൽ തൊഴിൽ നിയമനിർമ്മാണ അന്തരീക്ഷം രാജ്യം തുടർച്ചയായി വികസിപ്പിക്കുന്നുണ്ടെന്നും ശൈഖ ജവഹർ വ്യക്തമാക്കി.
മനുഷ്യക്കടത്തും കുടിയേറ്റ കള്ളക്കടത്തും തടയുന്നതിനുള്ള സ്ഥിരം ദേശീയ സമിതി 2025-2028 വർഷത്തേക്കുള്ള ഒരു ദേശീയ തന്ത്രം വികസിപ്പിച്ചെടുത്തിട്ടുണ്ട്. മനുഷ്യക്കടത്തിനെതിരെ പോരാടുന്നതിനുള്ള ആറാമത് പ്രാദേശിക ഫോറത്തിൽ ഇത് പ്രഖ്യാപിച്ചു. സിവിൽ സൊസൈറ്റി സംഘടനകളുമായുള്ള സഹകരണം ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യവും അവർ പ്രകടിപ്പിച്ചു. ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ശൈഖ് ജറാഹ് ജാബിർ അൽ അഹ്മദ് അസ്സബാഹ്, മുതിർന്ന പ്രതിനിധികൾ എന്നിവരും സമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.