കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് ഗാർഹികത്തൊഴിലാളികളെ മടക്കിക്കൊണ്ടുവരാൻ 1000ത്തിലേറെ സ്പോൺസർമാർ ഒാൺലൈൻ പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്തു. തിങ്കളാഴ്ച മുതൽ വീട്ടുജോലിക്കാർ കുവൈത്തിൽ എത്തിത്തുടങ്ങും.
ആദ്യ വിമാനം ഇന്ത്യയിൽനിന്നാണ്. ഇന്ത്യയിൽ ഡൽഹി, ചെന്നൈ വിമാനത്താവളങ്ങളിൽനിന്ന് നാല് വിമാനങ്ങൾ സർവിസ് നടത്താൻ ഒരുക്കം നടക്കുന്നു. കൂടുതൽ പേർ രജിസ്റ്റർ ചെയ്യുന്ന മുറക്ക് വിമാനങ്ങളുടെ എണ്ണവും കൂടും. ചൊവ്വാഴ്ച ഫിലിപ്പീൻസിൽനിന്ന് ആദ്യ വിമാനം പുറപ്പെടും. പ്രതിദിനം പരമാവധി 600 പേരെ കൊണ്ടുവരാനാണ് അനുമതിയുള്ളത്. കുവൈത്ത് എയർവേസ്, ജസീറ എയർവേസ് എന്നിവയാണ് വിമാന സർവിസ് നടത്തുന്നത്. നാഷനൽ ഏവിയേഷൻ സർവിസ് കുവൈത്തിലെത്തുന്നവരുടെ ക്വാറൻറീന് സൗകര്യം ഏർപ്പെടുത്തുന്നു. ബിനീദ് അൽ ഗാർ, കുവൈത്ത് സിറ്റി, ഫിൻതാസ്, സാൽമിയ, ഫർവാനിയ, മഹബൂല, അബൂഹലീഫ തുടങ്ങിയ സ്ഥലങ്ങളിൽ ഹോട്ടലുകളും അപ്പാർട്മെൻറുകളും എടുത്താണ് ക്വാറൻറീൻ സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളത്. 270 ദീനാറാണ് ക്വാറൻറീൻ ചെലവ്.
ഇതും വിമാന ടിക്കറ്റ് ചെലവും സ്പോൺസർ വഹിക്കണം. ഇന്ത്യയിൽനിന്ന് 110 ദീനാറും ഫിലിപ്പീൻസിൽനിന്ന് 200 ദീനാറും ശ്രീലങ്ക, നേപ്പാൾ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽനിന്ന് 145 ദീനാറുമാണ് ടിക്കറ്റ് നിരക്ക്. ആദ്യഘട്ടത്തിൽ ഇന്ത്യ, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽനിന്നാണ് കൊണ്ടുവരുന്നത്. തൊഴിലാളികൾ സ്വന്തം രാജ്യത്തുനിന്ന് പുറപ്പെടുന്നതിന് മുമ്പും ഇവിടെ എത്തിയാൽ ഉടനെയും ക്വാറൻറീൻ കഴിഞ്ഞാലും പി.സി.ആർ പരിശോധനക്ക് വിധേയരാവും. കോവിഡ് ഇല്ലെങ്കിൽ സ്പോൺസർക്ക് കൂട്ടിക്കൊണ്ടുപോവാം. വൈറസ് ബാധിതരാണെങ്കിൽ ചികിത്സ സർക്കാർ ആശുപത്രിയിൽ സൗജന്യമായി നൽകും.
കുവൈത്തിൽ ഇഖാമയുള്ള 80,000 ഗാർഹികത്തൊഴിലാളികളാണ് രാജ്യത്തിന് പുറത്തുള്ളത്. ജോലിക്കാരെ കൊണ്ടുവരേണ്ട സ്പോൺസർ https://belsalamah.com എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.