2027-2029 കാലയളവിലും തുടരും; യു.എൻ മനുഷ്യാവകാശ കൗൺസിലിൽ വീണ്ടും ഇടം നേടി കുവൈത്ത്
കുവൈത്ത് സിറ്റി: ഐക്യരാഷ്ട്രസഭയുടെ (യു.എൻ) മനുഷ്യാവകാശ കൗൺസിലിലേക്ക് കുവൈത്ത് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 173 വോട്ടുകൾ നേടി, കൂടുതൽ വോട്ടുനേടിയ രാജ്യങ്ങളിൽ രണ്ടാമതായാണ്
2027-2029 കാലയളവിലേക്കുള്ള അംഗത്വമെന്ന് യു.എന്നിലെ കുവൈത്ത് സ്ഥിരം പ്രതിനിധി അംബാസഡർ താരീഖ് അൽ ബനായി അറിയിച്ചു.
മിതത്വം, സന്തുലിതാവസ്ഥ, സംഭാഷണം, അന്താരാഷ്ട്ര നിയമങ്ങളോടുള്ള ആദരവ്, ഐക്യരാഷ്ട്രസഭാ ചാർട്ടറിലെ തത്വങ്ങൾ പാലിക്കൽ എന്നിവയിൽ അധിഷ്ഠിതമായ കുവൈത്തിന്റെ വിദേശനയത്തിനുള്ള അംഗീകാരമാണ് ഇത്. രാഷ്ട്രീയ നേതൃത്വത്തിന്റെ വിവേകപൂർണ്ണമായ നിർദ്ദേശങ്ങളും നിരന്തര പിന്തുണയുമാണ് ഈ നേട്ടം സാധ്യമാക്കിയതെന്ന് അൽ ബനായി പറഞ്ഞു.
കൗൺസിലിലെ അനുഭവസമ്പത്ത് പ്രയോജനപ്പെടുത്തി ബഹുമുഖ പ്രവർത്തനങ്ങൾക്കും അന്താരാഷ്ട്ര സഹകരണത്തിനും, മാനുഷിക പ്രവർത്തനങ്ങൾക്കും തുടർന്നും പിന്തുണ നൽകാൻ കുവൈത്തിനെ സഹായിക്കും. സായുധ സംഘർഷങ്ങൾ, മാനുഷിക പ്രതിസന്ധികൾ, മറ്റു വെല്ലുവിളികൾ എന്നിവ നേരിടുന്ന നിർണായകമായ ഈ ഘട്ടത്തിൽ, തങ്ങളിൽ അർപ്പിക്കപ്പെട്ട വിശ്വാസത്തെ ഒരു ഉത്തരവാദിത്തമായാണ് കുവൈത്ത് കാണുന്നത്.
സ്ത്രീകൾ, കുട്ടികൾ, ഭിന്നശേഷിക്കാർ എന്നിവരുടെ അവകാശങ്ങൾ, സായുധ സംഘർഷങ്ങളിൽ സാധാരണക്കാരുടെ സംരക്ഷണം, മാനുഷിക സഹായം ലഭ്യമാക്കൽ എന്നിവയിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചു, അംഗരാജ്യങ്ങളുമായും ഐക്യരാഷ്ട്രസഭാ സംവിധാനങ്ങളുമായും ക്രിയാത്മകമായ സംഭാഷണവും സഹകരണവും തുടരുമെന്ന് അദ്ദേഹം പറഞ്ഞു. കുവൈത്തിന്റെ പരിഗണനാവിഷയങ്ങളിൽ ഫലസ്തീൻ വിഷയം മുൻപന്തിയിൽ തന്നെ തുടരുമെന്നും വ്യക്തമാക്കി. കുവൈത്തിന് അനുകൂലമായി വോട്ട് ചെയ്ത എല്ലാ രാജ്യങ്ങൾക്കും, പിന്തുണച്ച ഏഷ്യാ-പസഫിക് ഗ്രൂപ്പിനും താരീഖ് അൽ ബനായി നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.