?????? ??????? ???? ??????? ????????

ശൈഖ് ജാബിര്‍ ആശുപത്രി കെട്ടിടം ഇന്ന് ആരോഗ്യമന്ത്രാലയത്തിന് കൈമാറും

കുവൈത്ത് സിറ്റി: കുവൈത്ത്  വികസന പാതയിലെ നാഴികക്കല്ലായി വിലയിരുത്തപ്പെടുന്ന ശൈഖ് ജാബിര്‍ ആശുപത്രി കെട്ടിടം ഞായറാഴ്ച ആരോഗ്യമന്ത്രാലയത്തിന് കൈമാറും. ആശുപത്രി ആറുമാസത്തിനുള്ളില്‍ പ്രവര്‍ത്തനസജ്ജമാകുമെന്നാണ് വിവരം. ആശുപത്രി നിര്‍മാണം ഏതാണ്ട് പൂര്‍ണമായിട്ടുണ്ട്. ശേഷിക്കുന്നത് മിനുക്കു പണികള്‍ മാത്രമാണ്. ദിവസങ്ങള്‍ക്കുള്ളില്‍ ഇതും പൂര്‍ത്തിയാകും. ഞായറാഴ്ച ആശുപത്രികെട്ടിടം ആരോഗ്യമന്ത്രാലയത്തിന് കൈമാറുമെന്ന് പൊതുമരാമത്ത് മന്ത്രാലയത്തിനുകീഴിലെ ജാബിര്‍ ഹോസ്പിറ്റല്‍ പ്രോജക്ട് അസിസ്റ്റന്‍റ് ഡയറക്ടര്‍ എന്‍ജിനീയര്‍ ബസീന അസദ് അറിയിച്ചു. 
ഇരുമന്ത്രാലയങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരിക്കും കൈമാറല്‍ ചടങ്ങ്. ആരോഗ്യമന്ത്രാലയം ഏറ്റെടുക്കുന്നതോടെ ആറുമാസത്തിനുള്ളില്‍ ആശുപത്രി പ്രവര്‍ത്തനസജ്ജമാകുമെന്നാണ് കരുതപ്പെടുന്നത്. 2009ലാണ് അമീര്‍ ശൈഖ് ജാബിര്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹിന്‍െറ നാമധേയത്തില്‍ ജുനൂബ് സൂറയില്‍ ആശുപത്രിയുടെ നിര്‍മാണം ആരംഭിച്ചത്. 
ഒരേസമയം 1200 രോഗികളെ കിടത്തി ചികിത്സിക്കാന്‍ സൗകര്യമുള്ള ആശുപത്രിക്ക് 30.4 കോടി ദീനാറാണ് നിര്‍മാണച്ചെലവ് കണക്കാക്കിയത്. 12 നിലകളുള്ള പ്രധാന ബ്ളോക്കിന് പുറമെ ഡോക്ടര്‍മാരുടെയും പാരാ മെഡിക്കല്‍ ജീവനക്കാരുടെയും താമസത്തിനായി റെസിഡന്‍ഷ്യല്‍ ബ്ളോക്കും 5000 കാറുകള്‍, 50 ആംബുലന്‍സ് വാനുകള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന പാര്‍ക്കിങ് കെട്ടിടങ്ങളും ഒരുക്കിയിട്ടുണ്ട്.  26 ഓപറേഷന്‍ തിയറ്ററുകള്‍, 50 ആംബുലന്‍സ് വാനുകള്‍, എയര്‍  റെസ്ക്യൂ സൗകര്യം, അത്യാധുനിക ലബോറട്ടറികള്‍, സ്കാനിങ് സെന്‍ററുകള്‍, മെഡിക്കല്‍ ലൈബ്രറി, മള്‍ട്ടി പര്‍പ്പസ് തിയറ്റര്‍ എന്നിവയും ആശുപത്രി സമുച്ചയത്തിലുണ്ടാവും. ജാബിര്‍ ആശുപത്രിയുടെ നടത്തിപ്പ് ചുമതല ബ്രിട്ടീഷ് കമ്പനിയെ ഏല്‍പ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. 
അതേസമയം, പശ്ചിമേഷ്യയിലെതന്നെ ഏറ്റവും വലിയ ആതുരാലയമാവുമെന്ന് കരുതുന്ന ജാബിര്‍ ആശുപത്രിയിലെ ചികിത്സാ സൗകര്യം സ്വദേശികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയത് രാജ്യനിവാസികളായ വിദേശികളെ സംബന്ധിച്ച് നിരാശജനകമാണ്. ആരോഗ്യമന്ത്രി ഡോ. അലി അല്‍ ഉബൈദി രണ്ടു മാസം മുമ്പ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. രാജ്യത്ത് ഇത് ആദ്യമായിട്ടാണ് ഒരു ആശുപത്രിയിലെ മുഴുവന്‍ ചികിത്സാ സൗകര്യങ്ങളും സ്വദേശികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുന്നത്. നിലയില്‍ ആരോഗ്യമന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അമീരി ആശുപത്രിയടക്കം രാജ്യത്തെ എല്ലാ ആശുപത്രികളിലെയും ചികിത്സ സൗകര്യം സ്വദേശികള്‍ക്കും വിദേശികള്‍ക്കും ലഭ്യമാണ്. തങ്ങള്‍ക്കൊപ്പം വിദേശികളായ രോഗികളെയും സര്‍ക്കാര്‍ ആശുപത്രികളില്‍ ഒരുമിച്ച് പരിശോധിക്കുന്നതിനാല്‍ ഒരുപാട് കാത്തിരിക്കേണ്ടതായിവരുന്നതിന് പുറമെ മതിയായ ചികിത്സാ സൗകര്യം ലഭിക്കാതെ പോകുന്നുണ്ടെന്നതും സ്വദേശികളുടെ ഏറെ നാളത്തെ പരാതിയായിരുന്നു. 
സ്വദേശികളുടെ ആവശ്യം പരിഗണിച്ച് സര്‍ക്കാര്‍ ആശുപത്രികളില്‍ അടുത്തിടെയായി കുവൈത്തികള്‍ക്ക് രാവിലെയും വിദേശികള്‍ക്ക് വൈകുന്നേരവും പരിശോധനയെന്ന സമയക്രമം നിലവില്‍വന്നിട്ടുണ്ടെങ്കിലും ജാബിര്‍ ആശുപ്രതിയെ സ്വദേശികള്‍ക്ക് മാത്രമാക്കുകയായിരുന്നു. വിദേശ ആശുപത്രികളോട് കിടപിടിക്കുന്ന ഈ ആശുപത്രി വിദേശങ്ങളിലേക്കയക്കാതെതന്നെ കുവൈത്തികളായ രോഗികള്‍ക്ക് മെച്ചപ്പെട്ട ചികിത്സ നല്‍കാന്‍ വഴിയൊരുക്കുമെന്നാണ് കണക്കുകൂട്ടല്‍. 
 
Tags:    
News Summary - health minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.