കുവൈത്ത് സിറ്റി: കുവൈത്തിൽനിന്ന് ഹജ്ജ് തീർഥാടകർക്കായി കുവൈത്തിനും സൗദി അറേബ്യക്കും ഇടയിൽ എയർ ബ്രിഡ്ജ് സ്ഥാപിച്ചതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ആക്ടിങ് ഡയറക്ടർ ഇമാദ് അൽ ജലാവി പറഞ്ഞു. 8,000 പേർക്കാണ് രാജ്യത്തുനിന്ന് ഹജ്ജ് ചെയ്യാൻ അനുമതി. ഇതിനായുള്ള തെരഞ്ഞെടുപ്പും ക്രമീകരണങ്ങളും നേരത്തേ ഒരുങ്ങിയിരുന്നു. തീർഥാടകർക്കായുള്ള സൗകര്യങ്ങൾ കുവൈത്ത് ഇന്റർനാഷനൽ എയർപോർട്ട് ഒരുക്കിവരുന്നു. ജൂൺ 21ന് യാത്ര ആരംഭിക്കും. കുവൈത്ത് എയർവേസും ജസീറ എയർവേസും 4,000 തീർഥാടകരെയും സൗദി എയർ കാരിയറായ അഡെൽ 4,000 പേരെയും വഹിക്കും. ഹജ്ജ് വിമാനങ്ങൾ സംഘടിപ്പിക്കുന്നതിന് സംയോജിത പദ്ധതി തയാറാക്കിയിട്ടുണ്ടെന്നും ഇമാദ് അൽ ജലാവി പറഞ്ഞു.
തീർഥാടകർ വിമാനത്താവളത്തിൽ എത്തുന്നത് മുതൽ വിമാനത്തിൽ കയറുന്നതുവരെയുള്ള സഞ്ചാരം സുഗമമാക്കും. തീർഥാടകർക്ക് സൗകര്യമൊരുക്കുന്നതിനായി ഓപറേറ്റിങ് സിസ്റ്റം സ്ഥിരീകരിച്ചിട്ടുണ്ട്. തീർഥാടകരുടെ നടപടിക്രമങ്ങൾ ലഘൂകരിച്ചിട്ടുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. കൗണ്ടറുകളും വർധിപ്പിക്കും. വേണ്ട മാർഗനിർദേശങ്ങൾ നൽകുന്നതിനായി വർക്ക് ടീമുകളെയും സജ്ജീകരിക്കും. കുവൈത്ത്, സൗദി എയർലൈനുകളുമായും സഹകരിച്ച് യാത്രകൾക്കുള്ള പ്രവർത്തന പദ്ധതിയും എല്ലാ തയാറെടുപ്പുകളും പൂർത്തിയാക്കിയതായും അദ്ദേഹം അറിയിച്ചു. കുവൈത്ത് എയർവേസ് ടെർമിനൽ- നാല്, ജസീറ എയർവേസ് ടെർമിനൽ- അഞ്ച്, അഡെൽ ഫൈറ്റ് ടെർമിനൽ-1 എന്നിവിടങ്ങളിൽ നിന്നാകും പുറപ്പെടുക. വിമാനം പുറപ്പെടുന്നതിന് ഒരു മണിക്കൂർ മുമ്പെങ്കിലും തീർഥാടകർ യാത്ര നടപടിക്രമങ്ങൾ പൂർത്തിയാക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.