കുവൈത്ത് സിറ്റി: അടിയന്തര ഇടപെടലിനെ തുടർന്ന് അഞ്ചുവയസ്സുകാരിയായ മലയാളി പെൺകുട്ടിയെ സൈനിക വിമാനത്തിൽ കുവ ൈത്തിൽനിന്ന് ഇന്ത്യയിലെത്തിച്ചു. ചെവിയിൽനിന്ന് രക്തസ്രാവമുള്ള പാലക്കാട്ടുകാരിയായ സാധിക രതീഷ് കുമാർ ആണ് പിതാവിനൊപ്പം ഡൽഹിയിലേക്ക് വിമാനം കയറിയത്.
ഇന്ത്യയിൽനിന്ന് കുവൈത്തിലെത്തിയ പ്രത്യേക മെഡിക്കൽ സംഘം തിരിച്ചുപോവുന്ന സൈനിക വിമാനത്തിലാണ് സാധികയെ കൊണ്ടുപോയത്.
കുവൈത്തിലെ കെ.സി.സി ആശുപത്രിയിൽ ചികിത്സയിലായിരുന്ന സാധികക്ക് അടിയന്തര ശസ്ത്രക്രിയ ആവശ്യമായിരുന്നു. കുവൈത്തിൽ ഇതിനുള്ള സൗകര്യം ഇല്ലാത്തതിനാൽ ഇന്ത്യൻ അംബാസഡർ കെ. ജീവസാഗർ, സെക്കൻഡ് സെക്രട്ടറിമാരായ ഫഹദ്, യു.എസ്. സിബി എന്നിവരുടെ ഇടപെടലിനെ തുടർന്ന് പ്രതിരോധ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, വ്യോമയാന വകുപ്പ് എന്നിവ ഏകോപിപ്പിച്ച് അടിയന്തര രക്ഷാ ദൗത്യത്തിന് പദ്ധതി ഒരുക്കുകയായിരുന്നു.
കോവിഡ് പ്രതിസന്ധി ആരംഭിച്ച ശേഷം ഗൾഫിൽനിന്നുള്ള ഇന്ത്യയുടെ ആദ്യ രക്ഷാപ്രവർത്തനമാണിത്. നാട്ടിൽ സർക്കാർ തലത്തിൽ വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ, സുരേഷ് ഗോപി എം.പി എന്നിവർ ഇടപെടൽ നടത്തിയതായാണ് വിവരം. ഡൽഹി എയിംസ് ആശുപത്രിയിൽ എത്തിച്ച കുട്ടിയെ വൈകാതെ സങ്കീർണ ശസ്ത്രക്രിയക്ക് വിധേയമാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.