വിദേശികള്‍ കുടുംബത്തെ നാട്ടിലയക്കാനൊരുങ്ങുന്നു

കുവൈത്ത് സിറ്റി: പാര്‍ലമെന്‍റ് തലത്തിലും അല്ലാതെയും തങ്ങള്‍ക്കെതിരെ ഉയരുന്ന ഭീഷണികളെ തുടര്‍ന്ന് രാജ്യത്തെ വിദേശികള്‍ കുടുംബത്തെ നാട്ടിലയക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ആരോഗ്യമേഖലകളിലുള്‍പ്പെടെ സേവന ഫീസുകള്‍ വര്‍ധിപ്പിക്കാനെടുത്ത തീരുമാനവും  പാര്‍ലമെന്‍റില്‍ വിദേശികള്‍ക്കെതിരെ അടുത്തിടെയുണ്ടായ ചില സംഭവവികാസങ്ങളുമാണ് അവര്‍ക്ക് ആശങ്കയുണ്ടാക്കിയത്.
സാല്‍മിയ, ഹവല്ലി പോലുള്ള സ്ഥലങ്ങളില്‍ ബാച്ചിലര്‍മാര്‍ക്ക് താമസസൗകര്യം ആവശ്യമുണ്ടെന്ന തരത്തിലുള്ള പരസ്യങ്ങള്‍ കൂടുതല്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 200ഉം 300ഉം ദീനാറുകള്‍ വാടക കൊടുത്ത് കുടുംബമായി താമസിച്ചിരുന്നവരാണ് ജീവിത ചെലവ് കൂടുതല്‍ വര്‍ധിക്കാനുള്ള സാധ്യത മുന്നില്‍ കണ്ട് ഇപ്പോഴേ കുടുംബത്തെ അയക്കാനൊരുങ്ങുന്നത്. മുമ്പത്തേക്കാള്‍ ജീവിതച്ചെലവ് കൂടിയ സാഹചര്യത്തില്‍ കഴിഞ്ഞ വര്‍ഷം തന്നെ നിരവധി പേര്‍ കുടുംബത്തെ നാട്ടിലയച്ച് ബാച്ച്ലര്‍ ലൈഫ് നയിക്കുന്നു. 30ഉം 40ദീനാര്‍ കൊടുത്താല്‍ ബാച്ചിലര്‍മാരോടൊപ്പമുള്ള സാമാന്യം മെച്ചപ്പെട്ട താമസസൗകര്യം ലഭിക്കുമെന്നതാണ് ഈ നിലക്ക് അവരെ ചിന്തിപ്പിക്കുന്നത്. ഈ പ്രവണതക്കാണ് പുതിയ സംഭവവികാസങ്ങള്‍ ആക്കം കൂട്ടിയത്. രാജ്യത്തെ റിയല്‍ എസ്റ്റേറ്റ് മേഖലക്ക് ഇത് വന്‍ ഭീഷണിയാണ് ഉയര്‍ത്തിയിരിക്കുന്നത്.
കുടുംബത്തെ അയച്ച് വിദേശികള്‍ ബാച്ചിലര്‍ ഇടങ്ങളിലേക്ക് മാറാന്‍ തീരുമാനിക്കുന്നതോടെ ഫ്ളാറ്റുകള്‍ താമസിക്കാന്‍ ആളില്ലാതെയാകുന്ന ആശങ്കയാണ് അവര്‍ക്ക്. അധികൃതരുടെ പുതിയ നയസമീപനങ്ങള്‍ വാണിജ്യ- വ്യവസായ മേഖലകളിലും പ്രതിഫലനങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. പുതുതായി ബിസിനസ് രംഗങ്ങളില്‍ പണം ഇറക്കാന്‍ വിദേശികള്‍ പലരും തയാറാകുന്നില്ളെന്ന് മാത്രമല്ല ഉള്ളവര്‍ തന്നെ കുവൈത്തിലെ സംരംഭങ്ങള്‍ നാട്ടിലേക്ക് മാറ്റുന്നതിനെ കുറിച്ചാണ് ആലോചിക്കുന്നത്. ഫെബ്രുവരി പകുതിയോടെ രാജ്യത്ത് മെഡിക്കല്‍ സേവന ഫീസ് വര്‍ധന പ്രാബല്യത്തില്‍ വരും. ഇതിന് പുറമെ ഇന്‍ഷുറന്‍സ് ഫീസ് നിലവിലെ 50 ദീനാറില്‍നിന്ന് 130 ദീനാറായി ഉയര്‍ത്താനുള്ള തീരുമാനവുമുണ്ട്. ഇതിന് പുറമെയാണ് റോഡ് ഉപയോഗിക്കുന്നതിനുവരെ വിദേശികള്‍ക്ക് നികുതി ഏര്‍പ്പെടുത്തണമെന്ന് എം.പിമാരുടെ ഭാഗത്തുനിന്ന് ആവശ്യം ഉയര്‍ന്നത്. വിദേശികളുടെ ആധിക്യം ഉയര്‍ത്തിയ വെല്ലുവിളി ചര്‍ച്ച ചെയ്യുന്നതിന് മാത്രമായി ഫെബ്രുവരി രണ്ടിന് പ്രത്യേകം പാര്‍ലമെന്‍റ് ചേരാനുള്ള നടപടികളും പുരോഗമിക്കുകയാണ്. അതേസമയം, വിദേശികളില്‍ കൂടുതലുള്ള ഇന്ത്യക്കാരെയായിരിക്കും  ഏതു തീരുമാനവും കൂടുതല്‍ ബാധിക്കുക.

 

Tags:    
News Summary - gulf Family

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.