കുവൈത്ത് സിറ്റി: രാജ്യത്ത് ദേശീയ അസംബ്ലിയായ 'മജ്‌ലിസുൽ ഉമ്മ' യിലേക്കുള്ള പൊതുതെരഞ്ഞെടുപ്പ് സെപ്റ്റംബർ 29ന്. ഇതുസംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം ഞായറാഴ്ച പുറത്തിറക്കും. 21വയസ്സ് പൂർത്തിയായ എല്ലാ പൗരന്മാർക്കും വോട്ടവകാശം ഉണ്ടായിരിക്കുമെന്ന് തെരഞ്ഞെടുപ്പ് കാര്യസമിതി അറിയിച്ചു. തിങ്കളാഴ്ച ചേർന്ന പ്രതിവാര മന്ത്രിസഭ യോഗത്തിലാണ് തെരഞ്ഞെടുപ്പ് തീയതി സംബന്ധിച്ച തീരുമാനമായത്. സെപ്റ്റംബർ 29 വ്യാഴാഴ്ച രാവിലെ എട്ടു മുതൽ രാത്രി എട്ടുമണിവരെയാണ് വോട്ടെടുപ്പ്.
വോട്ടർപട്ടിക പരിഷ്കരിക്കുന്ന നടപടി പൂർത്തിയാകാത്തതാണ് വിജ്ഞാപനം വൈകാൻ കാരണം. വോട്ടിങ് ദിവസം രാജ്യത്ത് പൊതു അവധി നൽകാനും തീരുമാനമായിട്ടുണ്ട്. 21 വയസ്സ് പൂർത്തിയായ എല്ലാ കുവൈത്ത് പൗരന്മാർക്കും വരുന്ന തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ അർഹതയുണ്ടെന്ന് തെരഞ്ഞെടുപ്പ് കാര്യ സമിതി മേധാവി കേണൽ ഡോ. അഹ്മദ് അൽഹജ്‌രി കുവൈത്ത് വാർത്ത ഏജൻസിയോട് പറഞ്ഞു. സിവിൽ ഐ.ഡി മേൽവിലാസത്തിന്റെ അടിസ്ഥാനത്തിലാണ് വോട്ടർ പട്ടിക തയാറാക്കിയത്.
താമസ പരിധിയിലുള്ള പൊലീസ് സ്റ്റേഷനുകളിൽ യോഗ്യതയുള്ള എല്ലാ വോട്ടർമാർക്കും വോട്ടിങ് രജിസ്ട്രേഷൻ പരിശോധിക്കാൻ സാധിക്കും. ചില നിയോജക മണ്ഡലങ്ങളിലെ വോട്ടിങ് ലിസ്റ്റിൽ പേരുകൾ ഉൾപ്പെടുത്തുന്നതിനും മണ്ഡലങ്ങൾ മാറ്റുന്നതിനും വോട്ടർമാർക്ക് അവസരമുണ്ട്. ഇതിന് തെരഞ്ഞെടുപ്പുകാര്യ വകുപ്പിന് അപേക്ഷ സമർപ്പിക്കണം. തെരഞ്ഞെടുപ്പ് ദിനത്തിൽ, വോട്ടർമാരുടെ പൗരത്വ രേഖയും സിവിൽ ഐ.ഡി കാർഡും തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാം. പൗരത്വരേഖ നഷ്ടമായവർക്ക് പൗരത്വവകുപ്പിൽനിന്നുള്ള പ്രത്യേക അനുമതിപത്രം ഉണ്ടെങ്കിൽ വോട്ടുചെയ്യാൻ അനുവദിക്കുമെന്നും അഹ്മദ് അൽഹജ്‌രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.