കുവൈത്തിൽ നടന്ന ജി.സി.സി-മധ്യേഷ്യ മൂന്നാമത് മന്ത്രിതല യോഗം
കുവൈത്ത് സിറ്റി: ജി.സി.സിയും മധ്യേഷ്യയും തമ്മിലുള്ള തന്ത്രപരമായ ബന്ധത്തിന്റെ തുടർച്ചയായി കുവൈത്തിൽ ജി.സി.സി- മധ്യേഷ്യ മൂന്നാമത് മന്ത്രിതല യോഗം. സാമ്പത്തിക, വ്യാപാര സഹകരണം വർധിപ്പിക്കൽ, നിക്ഷേപം പ്രോത്സാഹിപ്പിക്കൽ, ഗതാഗത, ഊർജ്ജ മേഖലകളുടെ വികസനം, ശുദ്ധമായ ഊർജ്ജത്തിലേക്കുള്ള മാറ്റം, ഹരിത സമ്പദ്വ്യവസ്ഥ, ഭക്ഷ്യ-ജല സുരക്ഷ, ആധുനിക സാങ്കേതികവിദ്യ തുടങ്ങി വിവിധ വിഷയങ്ങൾ യോഗം ചർച്ച ചെയ്തു. ഫലസ്തീൻ ജനതയുടെ നിയമാനുസൃത അവകാശങ്ങളെ പിന്തുണക്കുന്നതിൽ ഉറച്ച നിലപാടും യോഗം ആവർത്തിച്ചു.
യോഗത്തിൽ ഫലസ്തീൻ പ്രശ്നത്തിന് നീതിയുക്തവും സമഗ്രവുമായ പരിഹാരം തേടുന്ന എല്ലാ പ്രാദേശിക അന്തർദേശീയ ശ്രമങ്ങൾക്കും സെക്രട്ടറി ജനറൽ ജാസിം അൽ ബുദൈവി ജി.സി.സിയുടെ പിന്തുണ അറിയിച്ചു.
പ്രശ്ന പരിഹാരത്തിനായി ‘ദ്വിരാഷ്ട്ര പരിഹാരം നടപ്പിലാക്കുന്നതിനുള്ള അന്താരാഷ്ട്ര സഖ്യം’ വഴി സൗദി അറേബ്യ ആരംഭിച്ച ശ്രമത്തെ ജി.സി.സി രാജ്യങ്ങൾ പൂർണ്ണമായി പിന്തുണക്കുന്നു. ന്യൂയോർക്കിൽ നോർവേ, യൂറോപ്യൻ യൂണിയൻ എന്നിവയുടെ പങ്കാളിത്തത്തോടെ പ്രഖ്യാപിച്ച ഈ സംരംഭം 1967ലെ അതിർത്തികൾ പ്രകാരം കിഴക്കൻ ജറുസലേം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം എന്ന ലക്ഷ്യം മുന്നോട്ടുവെക്കുന്നു. ഫലസ്തീൻ ജനതയുടെ നിയമാനുസൃത അവകാശങ്ങളെ പിന്തുണച്ച് എല്ലാ രാജ്യങ്ങളോടും ഈ സഖ്യത്തിൽ ചേരാനും ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാനും ജാസിം അൽ ബുദൈവി ആഹ്വാനം ചെയ്തു.
തജിക്കിസ്താൻ, കിർഗിസ്താൻ, ഉസ്ബെക്കിസ്താൻ എന്നിവ തമ്മിലുള്ള ത്രികക്ഷി കരാറുകളെയും അസർബൈജാൻ, അർമേനിയ എന്നിവ തമ്മിലുള്ള സമാധാന കരാറിനെയും അദ്ദേഹം സ്വാഗതം ചെയ്തു. സംഘർഷങ്ങൾ പരിഹരിക്കാനുള്ള എല്ലാ സമാധാനപരമായ ശ്രമങ്ങൾക്കും ജി.സി.സിയുടെ പിന്തുണയും അറിയിച്ചു. പ്രാദേശിക, അന്തർദേശീയ സഹകരണം ശക്തിപ്പെടുത്തുന്നതിൽ കുവൈത്ത് വഹിച്ച പങ്കിനെയും പിന്തുണയേയും ബുദൈവി പ്രശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.