കുവൈത്ത് സിറ്റി: വിലാസങ്ങൾ വ്യാജമായി നിർമ്മിക്കുകയും തിരുത്തുകയും ചെയ്യുന്ന സംഘത്തെ കുവൈത്ത് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെന്റ് (സി.ഐ.ഡി) പിടികൂടി. അഴിമതിയും കൈക്കൂലിയും തടയുന്നതിനും പൊതുപണം സംരക്ഷിക്കുന്നതിനുമുള്ള ക്രിമിനൽ സെക്യൂരിറ്റി സെക്ടറിന്റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് നടപടി.
തട്ടിപ്പ് സംഘത്തിലെ ഒരാൾ തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തു വ്യാജരേഖകളുടെ പിൻബലത്തിൽ 'താമസസ്ഥലം മാറ്റം' സംബന്ധിച്ച അപേക്ഷകൾക്ക് അംഗീകാരം നൽകി വന്നിരുന്നു. ഓരോ ഇടപാടിനും 120 ദീനാർ വരെ ഇയാൾ കൈപ്പറ്റിയിരുന്നതായും റിപ്പോർട്ടിൽ പറയുന്നു. യഥാർഥ ഉടമസ്ഥരുടെ അറിവോ സമ്മതമോ ഇല്ലാതെ തെറ്റായ വിവരങ്ങളും വ്യാജ ഒപ്പുകളും ഉപയോഗിച്ചാണ് ഈ ഇടപാടുകൾ നടന്നത്. സംശയം ഒഴിവാക്കുന്നതിനായി പണമിടപാടുകൾ രഹസ്യ മാർഗങ്ങളിലൂടെയാണ് നടത്തിയിരുന്നത്.
തുടർന്ന് സി.ഐ.ഡി. ഉദ്യോഗസ്ഥർ തട്ടിപ്പ് സംഘത്തെ അറസ്റ്റ് ചെയ്തു. വ്യാജരേഖകളുമായി ബന്ധപ്പെട്ട ചില പേപ്പറുകളും, അനധികൃത ഇടപാടുകളിൽ നിന്ന് ലഭിച്ചതെന്ന് കരുതുന്ന 5,000 ദീനാർ പണവും ഇവരിൽ നിന്ന് പിടിച്ചെടുത്തു. അഴിമതിക്കെതിരെ ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.