കുവൈത്ത് സിറ്റി: സ്നാപ്ചാറ്റ് വഴി നിയമവിരുദ്ധ ചൂതാട്ട പ്രവർത്തനങ്ങൾ നടത്തിയ പൗരനെ ആന്റി സൈബർ ക്രൈം ഡിപാർട്ട്മെന്റ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ വ്യക്തി തന്റെ സ്നാപ്ചാറ്റ് അക്കൗണ്ട് ഉപയോഗിച്ച് ആളുകളെ ആകർഷിക്കുകയും തന്റെ നിയന്ത്രണത്തിലുള്ള സ്വകാര്യ ഓൺലൈൻ ഗ്രൂപ്പുകളിലേക്ക് അവരെ ക്ഷണിക്കുകയും ചെയ്യുന്നതായി അധികാരികൾ കണ്ടെത്തി.
‘ഉറപ്പുള്ള ലാഭം’ എന്ന വാഗ്ദാനം നൽകി ചൂതാട്ടത്തിൽ പങ്കെടുക്കാൻ പണം നൽകാനും പ്രോത്സാഹിപ്പിച്ചു. ഈ ചൂതാട്ട പ്രവർത്തനങ്ങൾ ഓൺലൈനായും കുവൈത്തിന് പുറത്തുള്ള വേദികളിലുമാണ് നടക്കുന്നതെന്നാണ് റിപ്പോർട്ട്. അറസ്റ്റു ചെയ്ത പ്രതിയെ നിയമനടപടികൾക്കായി ജുഡീഷ്യൽ അധികാരികൾക്ക് കൈമാറി.
സോഷ്യൽ മീഡിയയിലും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലും നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും തടയുന്നതിനും ആഭ്യന്തര മന്ത്രാലയം നടപ്പിലാക്കുന്ന നടപടികളുടെ ഭാഗമാണ് അറസ്റ്റ്. നിയമവിരുദ്ധ ചൂതാട്ടം പ്രോത്സാഹിപ്പിച്ച രണ്ട് സ്നാപ്ചാറ്റ് അക്കൗണ്ടുകൾ ആന്റി-സൈബർ ക്രൈം ഡിപാർട്ട്മെന്റ് കണ്ടെത്തുകയും ചെയ്തു.
ഇത്തരം പ്രവർത്തനങ്ങൾ കുവൈത്ത് നിയമത്തിന്റെ വ്യക്തമായ ലംഘനമാണെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. കുവൈത്ത് സൈബർ കുറ്റകൃത്യ നിയമങ്ങൾ പ്രകാരം ഓൺലൈൻ ചൂതാട്ടം കർശനമായി നിരോധിച്ചിട്ടുണ്ട്. ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ കർശനമായ നിരീക്ഷണത്തിലുമാണ്. ഇത്തരം നിരോധിത പദ്ധതികൾക്ക് ഇരയാകരുതെന്നും സംശയാസ്പദമായ അക്കൗണ്ടുകളും ഓൺലൈനുകളും ഉടൻ റിപ്പോർട്ട് ചെയ്യണമെന്നും ആഭ്യന്തര മന്ത്രാലയം അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.