പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹ്, യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസുമൊത്ത്
കുവൈത്ത് സിറ്റി: അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ പ്രതിനിധിയായി, പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹ് ഐക്യരാഷ്ട്രസഭ (യു.എൻ) സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസുമായി കൂടിക്കാഴ്ച നടത്തി. യു.എൻ 77-ാമത് ജനറൽ അസംബ്ലി യോഗത്തോടനുബന്ധിച്ചാണ് കൂടിക്കാഴ്ച നടന്നത്.
അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെയും കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന്റെയും ആശംസകൾ പ്രധാനമന്ത്രി സെക്രട്ടറി ജനറലിന് കൈമാറി. ഐക്യരാഷ്ട്രസഭയുടെ പ്രാധാന്യവും പ്രയത്നങ്ങളും സൂചിപ്പിച്ച പ്രധാനമന്ത്രി കുവൈത്തിന്റെ എല്ലാ പിന്തുണയും അറിയിച്ചു.
ലോകം കടന്നുപോകുന്ന അസാധാരണമായ സാഹചര്യത്തിൽ, വെല്ലുവിളികളെ നേരിടാനും യു.എന്നുമായി ഏകോപിപ്പിക്കാനും ആഹ്വാനം ചെയ്യുന്ന ഇത്തരം യോഗത്തിന്റെ പ്രാധാന്യം പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഐക്യരാഷ്ട്രസഭയുടെ തന്ത്രപരമായ പദ്ധതികളെയും പരിപാടികളെയും പിന്തുണയ്ക്കുന്നതിൽ കുവൈത്ത് സജീവമാണെന്ന് ഉണർത്തിയ പ്രധാനമന്ത്രി, ദുരന്തങ്ങളെയും പ്രതിസന്ധികളെയും നേരിടാനുള്ള ശ്രമങ്ങൾക്കും പ്രശ്നങ്ങൾ പരിഹരിച്ച് സുരക്ഷയും സ്ഥിരതയും കൈവരിക്കുന്നതിലും വലിയ സംഭാവനകൾ നൽകുന്നതായും വ്യക്തമാക്കി.
വിദേശകാര്യ മന്ത്രി ശൈഖ് ഡോ. അഹമ്മദ് നാസർ അൽ മുഹമ്മദ് അസ്സബാഹ്, പ്രധാനമന്ത്രിയുടെ ദിവാൻ അണ്ടർ സെക്രട്ടറി ശൈഖ് ഖാലിദ് തലാൽ അൽ ഖാലിദ് അസ്സബാഹ്, പ്രധാനമന്ത്രിയുടെ ഓഫിസ് ഡയറക്ടർ ഹമദ് അൽ അമീർ, യുഎന്നിലെ കുവൈത്തിന്റെ സ്ഥിരം പ്രതിനിധി താരിഖ് അൽ ബന്നായി എന്നിവരും യോഗത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.