കുവൈത്ത് സിറ്റി: ഗാർഹിക തൊഴിലാളികളെ കൈമാറാമെന്ന് വാഗ്ദാനം ചെയ്തു നിരവധി കുവൈത്ത് പൗരന്മാരെ വഞ്ചിച്ച് പണം തട്ടിയ ഏഷ്യൻ വനിത പിടിയിൽ. മുബാറക് അൽ കബീർ ഗവർണറേറ്റിലെ ഡിറ്റക്ടീവുകൾ നടത്തിയ നീക്കത്തിലാണ് ഇൻസ്റ്റാഗ്രാം വഴി 25 ലധികം പൗരന്മാരെ വഞ്ചിച്ച കേസിൽ വനിതയെ അറസ്റ്റു ചെയ്തത്. സോഷ്യൽ മീഡിയ അക്കൗണ്ട് വഴി വീട്ടുജോലിക്കാരെ അന്വേഷിക്കുന്ന വ്യക്തികളെ ബന്ധപ്പെട്ടായിരുന്നു തട്ടിപ്പ്.
ലൈസൻസുള്ള റിക്രൂട്ട്‌മെന്റ് ബിസിനസ് നടത്തുന്നുണ്ടെന്ന പ്രതീതി സൃഷ്ടിക്കുന്ന ഫോട്ടോകളും കരാറുകളും ഇതുവഴി അവർക്ക് അയച്ചുകൊടുത്തു. 300 മുതൽ 500 വരെ ദീനാർ വരെ മുൻകൂർ പണവും വാങ്ങി. വീട്ടുജോലിക്കാരുടെ ഉയർന്ന ആവശ്യം മുതലെടുത്ത്, മാർക്കറ്റ് നിരക്കിനേക്കാൾ വളരെ കുറഞ്ഞ വിലക്ക് ഇവരെ ലഭ്യമാക്കാമെന്നായിരുന്നു വാഗ്ദാനം. പണം കൈമാറിയതിന് ശേഷമാണ് പലർക്കും തട്ടിപ്പ് മനസ്സിലായത്. ഇതിനിടെ പ്രതി സോഷ്യൽ മീഡിയ അക്കൗണ്ട് ഒഴിവാക്കി അപ്രത്യക്ഷനായി. തുടർന്ന് ഗവർണറേറ്റിലെ അഞ്ച് കുവൈത്ത് പൗരന്മാരുടെത് ഉൾപ്പെടെ മുബാറക് അൽ കബീർ പൊലീസ് സ്റ്റേഷനിൽ നിരവധി പരാതികൾ എത്തി. പിന്നീട് കേസ് ഡിറ്റക്ടീവുകൾക്ക് കൈമാറി, അവർ സൈബർ ക്രൈം വകുപ്പുമായി ഏകോപിപ്പിച്ച് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. തട്ടിപ്പ് നടത്താൻ ഉപയോഗിച്ചതായി കരുതുന്ന നാല് മൊബൈൽ ഫോണുകളും നിരവധി സിം കാർഡുകളും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.