വിദേശകാര്യമന്ത്രി ശൈഖ് സലീം അബ്ദുല്ല അൽ ജാബിർ അസ്സബാഹ് ഒമാൻ വിദേശകാര്യമന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുസൈദിയുമായി ചർച്ച നടത്തുന്നു
കുവൈത്ത് സിറ്റി: സൗദിയിൽ എത്തിയ വിദേശകാര്യമന്ത്രി ശൈഖ് സലീം അബ്ദുല്ല അൽ ജാബിർ അസ്സബാഹിന് കൂടിക്കാഴ്ചകളുടെ ദിനം. നിരവധി അയൽരാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുമായും ഭരണനേതൃത്വവുമായും അദ്ദേഹം ചർച്ചകൾ നടത്തി. 32-ാമത് അറബ് ഉച്ചകോടിയുടെ ഭാഗമായാണ് ശൈഖ് സലീം ജിദ്ദയിൽ എത്തിയത്. രാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങൾ, ബന്ധവും സഹകരണവും വർധിപ്പിക്കുന്നതിനുള്ള വഴികൾ, മേഖലയിലെ പ്രധാന സംഭവ വികാസങ്ങൾ, ഉച്ചകോടിക്കിടയിൽ ചർച്ചചെയ്യുന്ന പ്രധാന വിഷയങ്ങൾ എന്നിവ കൂടിക്കാഴ്ചകളിൽ വിദേശകാര്യമന്ത്രിമാർ വിലയിരുത്തി.
സംയുക്ത അറബ് പ്രവർത്തന പ്രക്രിയയെ പിന്തുണയ്ക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഏകോപനവും അവലോകനം ചെയ്തു. ഒമാൻ വിദേശകാര്യമന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുസൈദിയുമായി കൂടിക്കാഴ്ച നടത്തിയ ശൈഖ് സലീം ഇരുരാജ്യങ്ങൾക്കും ഇടയിലെ ശക്തമായ ബന്ധത്തെ ഓർമിപ്പിച്ചു. തുനീഷ്യൻ വിദേശകാര്യമന്ത്രി നബീൽ അമ്മാറുമായും ശൈഖ് സലീം രാഷ്ട്രീയ സാമൂഹിക വിഷയങ്ങൾ ചർച്ചചെയ്തു. ബഹ്റൈൻ വിദേശകാര്യമന്ത്രി ഡോ.അബ്ദുല്ലത്തീഫ് അൽ സയാനി, ജോർഡൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ-പ്രവാസികാര്യ മന്ത്രിയുമായ അയ്മൻ അൽ സഫാദിയുമായും ശൈഖ് സലീം ചർച്ച നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.