സ്വദേശി താമസ മേഖലയിലെ വിദേശി ബാച്ചിലർമാരെ ഒഴിപ്പിക്കുന്നതിന് മുന്നോടിയായി ചേർന്ന ഉദ്യോഗസ്ഥരുടെ യോഗം
കുവൈത്ത് സിറ്റി: ഒരിടവേളക്കുശേഷം സ്വദേശി താമസ മേഖലയിലെ വിദേശി ബാച്ചിലർമാർക്കായുള്ള പരിശോധന പുനരാരംഭിക്കാൻ നീക്കം. ഇതിന് മുന്നോടിയായി മുബാറക് അൽ കബീർ ഗവർണറേറ്റിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. മുന്നറിയിപ്പ് നൽകിയിട്ടും ഒഴിഞ്ഞുപോകാത്ത ബാച്ചിലർമാരുടെ കെട്ടിടത്തിൽ വെള്ളം, വൈദ്യുതി കണക്ഷൻ വിച്ഛേദിക്കുന്നത് ഉൾപ്പെടെ കർശന നടപടികൾ മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ സ്വീകരിക്കും.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലേക്ക് ശ്രദ്ധയൂന്നിയതിനാൽ ബാച്ചിലർമാരെ ഒഴിപ്പിക്കുന്ന ദൗത്യം നിർത്തിവെച്ചിരിക്കുകയായിരുന്നു. ആഭ്യന്തര മന്ത്രാലയം, സിവില്‍ ഇന്‍ഫര്‍മേഷന്‍ വകുപ്പ്, ജലവൈദ്യുതി മന്ത്രാലയം, മറ്റു സര്‍ക്കാര്‍ സംവിധാനങ്ങൾ എന്നിവയുമായി സഹകരിച്ചാണ് മുനിസിപ്പാലിറ്റി പരിശോധന നടത്തുക. അതിനിടെ വിദേശി ബാച്ചിലർമാർ തങ്ങളുടെ താമസമേഖലയിൽ അനധികൃതമായി താമസിക്കുന്നുണ്ടെങ്കിൽ അറിയിക്കണമെന്ന് സ്വദേശികളോട് അധികൃതർ ആവശ്യപ്പെട്ടു. 139 എന്ന ഹോട്ട്ലൈന്‍ നമ്പര്‍ വഴിയും വെബ്സൈറ്റിലൂടെയും ലഭിക്കുന്ന പരാതികളിൽ ഉടൻ സ്വീകരിക്കും. നിയമം ലംഘിച്ച് വിദേശികളെ താമസിപ്പിക്കുന്ന കെട്ടിടങ്ങളിൽ ആദ്യഘട്ടത്തിൽ വൈദ്യുതിബന്ധം വിച്ഛേദിക്കും. അടുത്തഘട്ടത്തിൽ കെട്ടിട ഉടമകൾക്കെതിരെ നടപടിയെടുക്കും.
ഇതോടൊപ്പം ഇങ്ങനെ താമസിക്കുന്ന വിദേശികൾക്ക് പിഴ ചുമത്തുകയും താമസരേഖ, ഡ്രൈവിങ് ലൈസൻസ് മുതലായ രേഖകൾ പുതുക്കുന്നതിനും വിലക്ക് ഏർപ്പെടുത്തുകയും ചെയ്യാൻ പരിപാടിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.