കുവൈത്ത് സിറ്റി: പാകിസ്താനിലുണ്ടായ വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് കുവൈത്ത് സഹായമെത്തിക്കും. ഇതിനായി തുടക്കമിട്ട പ്രത്യേക കാമ്പയിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കുവൈത്തിലെ വിവിധ ചാരിറ്റി സംഘടനകളുടെ സഹായവും കാമ്പയിനുണ്ട്. വെള്ളപ്പൊക്കത്തിൽ പാകിസ്താൻ അനുഭവിക്കുന്ന ദുഷ്കരമായ സാഹചര്യങ്ങളെ മറികടക്കാനാണ് കാമ്പയിന് തുടക്കമിട്ടതെന്ന് കുവൈത്ത് സൊസൈറ്റി ഫോർ റിലീഫ് ചെയർമാൻ ഇബ്രാഹിം അൽ സലേഹ് പറഞ്ഞു.
കുവൈത്ത് വിദേശകാര്യ മന്ത്രാലയം, സാമൂഹികകാര്യ, കമ്യൂണിറ്റി ഡെവലപ്മെന്റ് മന്ത്രാലയം എന്നിവയുടെ യോജിച്ച ശ്രമങ്ങളും 27 കുവൈത്തി ചാരിറ്റബിൾ സൊസൈറ്റികളുടെ സഹകരണവും പദ്ധതിക്കുണ്ട്. ലോകമെമ്പാടുമുള്ള ദുരന്തങ്ങളാൽ ആഘാതമനുഭവിക്കുന്നവർക്ക് ആശ്വാസം നൽകുന്ന, കുവൈത്തിന്റെ ആഗോള മാനുഷിക പങ്കിന്റെ തുടർച്ചയാണ് കാമ്പയിനെന്നും അൽ സലേഹ് കൂട്ടിച്ചേർത്തു.
പാകിസ്താനിൽ വെള്ളപ്പൊക്കം മൂലം ആയിരക്കണക്കിന് ആളുകൾ രോഗബാധിതരും നിരവധി പേർക്ക് വീടും സ്വത്തും നഷ്ടപ്പെട്ടിട്ടുമുണ്ട്. ഇവർക്ക് മരുന്നും ഭക്ഷണവും പാർപ്പിടവും നൽകാനും മെഡിക്കൽ ഉപകരണങ്ങൾ, വസ്ത്രങ്ങൾ, പുതപ്പുകൾ, ടെന്റുകൾ, മറ്റ് അടിസ്ഥാന ആവശ്യങ്ങൾ എന്നിവയിൽ അടിയന്തര സഹായം നൽകാനും കാമ്പയിൻ ലക്ഷ്യമിടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.