ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് അസ്സബാഹ്
കുവൈത്ത് സിറ്റി: ദേശീയ ദിനാഘോഷ വേളയിൽ സുരക്ഷയും ജാഗ്രതയും പാലിക്കണമെന്ന് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് അസ്സബാഹ് ഉണർത്തി.
ദേശീയ-വിമോചന ദിനാഘോഷങ്ങളുടെ തയാറെടുപ്പുകൾ നിരീക്ഷിച്ചശേഷമാണ് മന്ത്രിയുടെ പ്രസ്താവന.
അറേബ്യൻ ഗൾഫ് സ്ട്രീറ്റ്, ക്യാമ്പുകൾ എന്നിവയുൾപ്പെടെ വടക്കൻ, തെക്കൻ പ്രദേശങ്ങളിലെ ആഘോഷ സ്ഥലങ്ങളെല്ലാം മന്ത്രി സന്ദർശിച്ചു.
നിയമവിരുദ്ധ പ്രവൃത്തികളും പരിസ്ഥിതി സംരക്ഷണ നിയമ ലംഘനങ്ങളും കർശനമായി കൈകാര്യം ചെയ്യേണ്ടതിന്റെ ആവശ്യകതയും മന്ത്രി ഊന്നിപ്പറഞ്ഞു. ഗതാഗതക്കുരുക്ക് ഉൾപ്പെടെയുള്ള എല്ലാ സാഹചര്യങ്ങളെയും നേരിടാൻ പട്രോളിങ് ശക്തമാക്കാനും വനിത പോലീസ് സ്വമേധയാ ഇടപെടണമെന്നും ആവശ്യപ്പെട്ടു. പൗരന്മാരും പ്രവാസികളും സുരക്ഷ സംവിധാനങ്ങളുമായി സഹകരിക്കണമെന്നും നിയമങ്ങളും നിർദേശങ്ങളും പാലിക്കണമെന്നും കുവൈത്തിന്റെ മൂല്യങ്ങളും ആചാരങ്ങളും പ്രകടമാക്കുന്ന രീതിയിൽ ദേശീയ ദിനങ്ങൾ ആഘോഷിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
ഗതാഗത, ഓപറേഷൻ കാര്യങ്ങളുടെ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ യൂസഫ് അൽ ഖദ്ദ, പബ്ലിക് സെക്യൂരിറ്റി കാര്യങ്ങളുടെ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ ഹമീദ് അൽ മുനൈഫി എന്നിവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.