തീപിടിത്ത പ്രതിരോധം: പരിശോധന കർശനമാക്കി

കുവൈത്ത് സിറ്റി: രാജ്യത്ത് വേനൽ കനത്തതോടെ അഗ്നിസുരക്ഷ പരിശോധന കർശനമാക്കി ഫയർഫോഴ്സ്. വ്യാപാരസഥപാനങ്ങളിലും കെട്ടിടങ്ങളിലും നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഫയർഫോഴ്സ് നേരത്തെ പരിശോധനകൾ ആരംഭിച്ചിട്ടുണ്ട്. നിയമലംഘകർക്കെതിരെ കർശന നടപടികളും സ്വീകരിക്കുന്നുണ്ട്. വേനലിൽ രാജ്യത്ത് വേനൽകാലത്ത് തീപിടിത്ത കേസുകൾ കൂടുതൽ റിപ്പോർട്ടുചെയ്യാറുണ്ട്. ഇത് കണക്കിലെടുത്താണ് ഫയർഫോഴ്സ് നടപടി.

സിനിമ തിയേറ്ററുകളിൽ പരിശോധന

കുവൈത്ത് ജനറൽ ഫയർഫോഴ്സ് ക്യാപിറ്റൽ ഗവർണറേറ്റിലെ സിനിമ തിയേറ്ററുകളിൽ സുരക്ഷാ പരിശോധന നടത്തി. സുരക്ഷാ-അഗ്നി പ്രതിരോധ ചട്ടങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കുന്നതിന്‍റെ ഭാഗമായിരുന്നു പരിശോധന. അപകടങ്ങൾ കുറക്കുകയും തീപിടുത്തങ്ങളിൽ നിന്ന് ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കുന്നതിന്റെയും ഭാഗമായിരുന്നു പരിശോധന. പൊതുസ്ഥലങ്ങളിൽ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഫയർഫോഴ്സ് തുടർ പരിശോധനകൾ നടത്തിവരികയാണെന്ന് അധികൃതർ അറിയിച്ചു.

ബേസ്മെന്റുകളിൽ വസ്തുക്കൾ സൂക്ഷിക്കരുത്

ബേസ്മെന്റുകളിൽ വസ്തുക്കൾ സൂക്ഷിക്കുന്നതിനും അനധികൃത പാർട്ടീഷനുകൾ സ്ഥാപിക്കുന്നതിനുമെതിരെ ഫയർഫോഴ്സ് മുന്നറിയിപ്പ്. ഇത്തരം ലംഘനങ്ങൾ തീപിടുത്ത സാധ്യത വർധിപ്പിക്കുകയും അടിയന്തര ഘട്ടങ്ങളിൽ ഒഴിപ്പിക്കൽ, രക്ഷാപ്രവർത്തനങ്ങൾ എന്നിവ തടസ്സപ്പെടുത്തുകയും ചെയ്യുമെന്ന് പബ്ലിക് റിലേഷൻസ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അൽ ഗരിബ് വ്യക്തമാക്കി.

തടി പാർട്ടീഷനുകൾ അതിവേഗം കത്തുന്നവയാണെന്നും തീ പടരുന്നത് ത്വരിതപ്പെടുത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജീവനും സ്വത്തും സംരക്ഷിക്കാൻ എല്ലാ കെട്ടിട ഉടമകളും സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണം. സുരക്ഷാ ചട്ടങ്ങൾ ലംഘിക്കുന്ന കെട്ടിടങ്ങൾ അടച്ചുപൂട്ടൽ ഉൾപ്പെടെ കർശന നടപടികൾ നേരിടേണ്ടി വരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

Tags:    
News Summary - Fire prevention: Inspections tightened

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.