ഫയർഫോഴ്സ് ഉദ്യോഗസഥർ പരിശോധനയിൽ
കുവൈത്ത് സിറ്റി: മഹ്ബൂലയിൽ കുവൈത്ത് ഫയർഫോഴ്സ് (കെ.എഫ്.എഫ്) കർശന പരിശോധന. അഗ്നി സുരക്ഷ, പ്രതിരോധ ചട്ടങ്ങൾ ലംഘിക്കുന്ന കെട്ടിടങ്ങളും സ്ഥാപനങ്ങളും കണ്ടെത്തുന്നതിനായി നടത്തിയ പരിശോധനയിൽ വിവിധ നിയമലംഘനങ്ങൾ കണ്ടെത്തി.
ആഭ്യന്തര മന്ത്രാലയത്തിന്റെയും കുവൈത്ത് മുനിസിപ്പാലിറ്റിയുടെയും സഹകരണത്തോടെ 300ലധികം ഉദ്യോഗസ്ഥരുടെ പങ്കാളിത്തത്തോടെയാണ് പരിശോധന നടത്തിയത്.
നിയമലംഘനങ്ങളും പൊതു സുരക്ഷക്ക് അപകടമുണ്ടാക്കുന്ന സ്ഥലങ്ങളും കണ്ടെത്തുന്നതിനുമായി പരിശോധനാ സംഘം പ്രദേശത്ത് സർവേ നടത്തിയതായി കെ.എഫ്.എഫ് പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ ഡയറക്ടർ ബ്രിഗേഡിയർ മുഹമ്മദ് അൽ ഗരീബ് പറഞ്ഞു. കാലഹരണപ്പെട്ട അഗ്നി സുരക്ഷാ ലൈസൻസുകൾ, അനുചിതമായ വീതിയിൽ വസ്തുക്കൾ കൂട്ടിയിടൽ, അടഞ്ഞ അടിയന്തര എക്സിറ്റുകൾ, തുറന്നുകിടക്കുന്ന ഇലക്ട്രിക്കൽ വയറിങ്, അഗ്നിശമന ഉപകരണങ്ങൾ അറ്റകുറ്റപ്പണി നടത്താത്തത് എന്നിവ ഉൾപ്പെടെ നിരവധി ലംഘനങ്ങൾ പരിശോധനയിൽ കണ്ടെത്തി.
കെട്ടിടങ്ങളിലും സ്ഥാപനങ്ങളിലും അഗ്നി സുരക്ഷാ ചട്ടങ്ങൾ പാലിക്കണമെന്നും ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനായി പരിശോധനാ സംഘങ്ങളുമായി സഹകരിക്കണമെന്നും കുവൈത്ത് ഫയർഫോഴ്സ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.