ഗസ്സയിലെ കെ.ആർ.സി.എസ് ഫീൽഡ് ഹോസ്പിറ്റലിന്റെ ഭാഗം
കുവൈത്ത് സിറ്റി: കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റിയുടെ (കെ.ആർ.സി.എസ്) ഗസ്സയിലെ ഫീൽഡ് ഹോസ്പിറ്റലിന്റെ പ്രവർത്തനത്തെ പിന്തുണക്കുന്നതിനായി സൊസൈറ്റി സംഭാവന കാമ്പയിൻ ആരംഭിച്ചു. ഇസ്രായേൽ ആക്രമണങ്ങൾ തുടരുന്നതിനാൽ പരിക്കേറ്റവരുടെ ചികിത്സയും മാനുഷിക പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിന്റെയും ഭാഗമായാണ് കാമ്പയിൻ. ആക്രമണത്തിൽ ഗസ്സയിലെ ഭൂരിപക്ഷം ആശുപത്രികൾ തകരുകയും പ്രവർത്തനം അവസാനിപ്പിക്കുകയും ചെയ്തിട്ടുണ്ട്. നിരവധി ആരോഗ്യ പ്രവർത്തകരും കൊല്ലപ്പെട്ടു. ഈ സാഹചര്യത്തിൽ ഗസ്സയിലെ ജനങ്ങളെ പിന്തുണക്കാനുള്ള ശ്രമങ്ങൾ തുടരുന്നതിനാണ് കാമ്പയിൻ ആരംഭിച്ചതെന്ന് സൊസൈറ്റി ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ.ഹിലാൽ അൽ സയർ പറഞ്ഞു.
പരിക്കേറ്റവരുടെ, പ്രത്യേകിച്ച് കുട്ടികൾക്ക് അടിയന്തര വൈദ്യസഹായം നൽകാൻ അസോസിയേഷൻ ശ്രമിക്കുന്നതായി അദ്ദേഹം പറഞ്ഞു. പരിക്കേറ്റവരുടെ എണ്ണം കൂടുകയാണ്. അതിനാൽ മേഖലയിലെ ആശുപത്രി പ്രവർത്തനത്തിന്റെ പ്രാധാന്യം അൽ സയർ ഊന്നിപ്പറഞ്ഞു. അസോസിയേഷന്റെ വെബ്സൈറ്റ് വഴിയും ആസ്ഥാനത്ത് എത്തിയും സംഭാവന നൽകാം. ഇതിന് സ്വകാര്യ മേഖല, കമ്പനികൾ, പൊതുജനങ്ങൾ എന്നിവയോട് അദ്ദേഹം ആഹ്വാനം ചെയ്തു. 750 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ആശുപത്രി അത്യാധുനിക മെഡിക്കൽ ഉപകരണങ്ങൾ, തീവ്രപരിചരണ മുറികൾ, നവജാത ശിശുക്കൾക്കുള്ള ഇൻകുബേറ്ററുകൾ, റേഡിയോളജി യൂനിറ്റ്, ഫാർമസി, മെഡിക്കൽ അനാലിസിസ് ലബോറട്ടറി എന്നിവ ഉൾക്കൊള്ളുന്നതാണ്.
അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കും പ്രോട്ടോകോളുകൾക്കും അനുസൃതമായി സംയോജിത ചികിത്സ നൽകിവരുന്ന ആശുപത്രി ഗസ്സക്കാർക്ക് വലിയ ആശ്വാസമാണ്. ഇസ്രായേൽ സേനയുടെ നിരന്തര ആക്രമണങ്ങൾ കാരണം റഫയിലെ കുവൈത്ത് സ്പെഷാലിറ്റി ഹോസ്പിറ്റൽ കഴിഞ്ഞ ദിവസം പ്രവർത്തനം അവസാനിപ്പിച്ചിരുന്നു. ആശുപത്രിയുടെ പ്രധാന ഗേറ്റിന് നേരെയുണ്ടായ ബോംബാക്രമണത്തിൽ രണ്ട് ആരോഗ്യ പ്രവർത്തകർ കൊല്ലപ്പെട്ടിരുന്നു. നേരത്തെ ഉണ്ടായ മറ്റൊരു ആക്രമണത്തിൽ അഞ്ച് പേർക്ക് പരിക്കേൽക്കുകയും ഉണ്ടായി. തുടർന്നാണ് താൽക്കാലികമായി ആശുപത്രി പ്രവർത്തനം നിർത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.