കുവൈത്ത് സിറ്റി: കുവൈത്തിൽ കുടുംബ സന്ദർശന വിസയിൽ എത്തുന്നവർക്ക് യാത്ര വിമാനങ്ങളെക്കുറിച്ച് ആശങ്ക വേണ്ട. ഈ വിസയിൽ ഏതു വിമാനത്തിലും നാട്ടിൽനിന്ന് കുവൈത്തിൽ എത്താനും തിരിച്ചുപോകാനും കഴിയും. നേരത്തേ കുവൈത്ത് ദേശീയ വിമാനക്കമ്പനികളായ കുവൈത്ത് എയർവേസ്, ജസീറ എന്നിവയിൽ മാത്രമായി യാത്ര പരിമിതപ്പെടുത്തിയിരുന്നു. ഈ നിബന്ധന നിലവിൽ നീക്കിയിട്ടുണ്ട്.
എന്നാൽ, പല വിമാനക്കമ്പനികൾക്കും ഇതുസംബന്ധിച്ച അറിയിപ്പ് ലഭിക്കാത്തതിനാൽ ടിക്കറ്റിന് സമീപിക്കുന്നവർക്ക് തെറ്റായ വിവരം കൈമാറുന്നുണ്ട്. കുടുംബ സന്ദർശന വിസയിൽ യാത്രചെയ്യുന്നവർക്ക് കുവൈത്ത് ദേശീയ വിമാനക്കമ്പനികളിലേ യാത്ര ചെയ്യാനാകൂ, അല്ലാത്തവരെ വിമാനത്താവളത്തിൽനിന്ന് തിരിച്ചയക്കുമെന്നാണ് കഴിഞ്ഞദിവസം പ്രമുഖ വിമാനക്കമ്പനിയിൽ നിന്ന് മലയാളി പ്രവാസിക്ക് ലഭിച്ച സന്ദേശം. എന്നാൽ ഇത് നിലവിൽ നിർബന്ധമല്ലെന്നും കുവൈത്തിൽ എത്തിയ ആരെയും തിരിച്ചയക്കില്ലെന്നും ബന്ധപ്പെട്ട കേന്ദ്രങ്ങൾ വ്യക്തമാക്കി.
ഈ മാസം ആദ്യത്തിലാണ് കുവൈത്തിൽ സന്ദർശന വിസ നിബന്ധനകളിൽ ഇളവു വരുത്തിയത്. പ്രവാസികൾക്ക് നിലവിൽ മൂന്നുമാസം സിംഗിൾ എൻട്രി, ആറു മാസം, ഒരു വർഷം മൾട്ടിപ്പിൾ എൻട്രി എന്നിങ്ങനെ ഇപ്പോൾ കുടുംബസന്ദർശന വിസകൾ ലഭിക്കും.
ഒരു മാസത്തേക്ക് മൂന്നു ദീനാറും ആറു മാസത്തേക്ക് ഒമ്പതു ദീനാറും ഒരു വർഷത്തേക്ക് 15 ദീനാറുമാണ് വിസ ഫീസ്.
കുടുംബസന്ദർശന വിസയിൽ എത്തുന്നവർക്ക് കുവൈത്ത് ദേശീയ വിമാനക്കമ്പനികളെ ആശ്രയിക്കേണ്ടതില്ലന്ന സുപ്രധാന മാറ്റവും കൊണ്ടുവന്നു. അപേക്ഷകന് വേണ്ട കുറഞ്ഞ പ്രതിമാസ ശമ്പളപരിധിയും ഒഴിവാക്കിയിട്ടുണ്ട്. വിസ ലഭിക്കാൻ അപേക്ഷകന് യൂനിവേഴ്സിറ്റി ബിരുദം അനിവാര്യമാണെന്നത് നേരത്തേ ഒഴിവാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.