കുവൈത്ത് സിറ്റി: കുവൈത്തില്‍ അനധികൃതമായി പൗരത്വം നേടിയ 5,838 പേരുടെ പൗരത്വം റദ്ദാക്കുന്നു. ഇത് സംബന്ധമായ നിർദേശം സുപ്രീം കൗണ്‍സില്‍ മന്ത്രിസഭക്ക് കൈമാറി. പൗരത്വവുമായി ബന്ധപ്പെട്ട് 1959ലെ അമീരി ഉത്തരവ് അനുസരിച്ചാണ് നടപടി സ്വീകരിച്ചത്.
വ്യാജ സർട്ടിഫിക്കറ്റുകൾ ഹാജരാക്കൽ, ഇരട്ട പൗരത്വം തുടങ്ങിയ കാരണങ്ങളാണ് പൗരത്വം റദ്ദാക്കിയവരിൽ പലരും. സുപ്രീം കമ്മിറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞ മാസങ്ങളിലെ പരിശോധനയിൽ പതിനായിരക്കണക്കിന് പേരുടെ പൗരത്വമാണ് കുവൈത്ത് റദ്ദാക്കിയത്. വ്യാജ രേഖകൾ സമർപ്പിച്ച് പൗരത്വം നേടിയത് കണ്ടുപിടിക്കാൻ അധികൃതർ രേഖകൾ പരിശോധിച്ചുവരികയാണ്. കുവൈത്തികൾക്കുള്ള വിവിധ സർക്കാർ ആനുകൂല്യങ്ങൾ സ്വന്തമാക്കാനാണ് അനധികൃതമായി പൗരത്വം നേടുന്നത്.
പാർപ്പിടവും സൗജന്യ വിദ്യാഭ്യാസ– ചികിത്സാ സൗകര്യങ്ങളും റേഷൻ ഉൾപ്പെടെ ആനുകൂല്യങ്ങളുമാണ് ആളുകളിൽ കുവൈത്തി പൗരത്വം നേടാനുള്ള ആഗ്രഹമുണ്ടാക്കുന്നത്. പാസ്പോർട്ട് – പൗരത്വ വകുപ്പിലെ ഉദ്യോഗസ്ഥർക്ക് പണവും പാരിതോഷികങ്ങളും നൽകിയാണ് നിരവധി പേർ കുവൈത്തി പൗരത്വം കരസ്ഥമാക്കിയത്. വ്യാജ സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയും മറ്റ് അനധികൃത മാർഗങ്ങളിലൂടെയും പൗരത്വ സർട്ടിഫിക്കറ്റുകളും പാസ്പോർട്ടുകളും കൈവശപ്പെടുത്തിയവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു. 1970കളിൽ രണ്ട് സിറിയൻ സഹോദരങ്ങൾ അനധികൃതമായി കുവൈത്ത് പൗരത്വം സ്വന്തമാക്കിയത് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.