കുവൈത്ത് സിറ്റി: വ്യാജ സർട്ടിഫിക്കറ്റ് നിർമാണവുമായി ബന്ധപ്പെട്ട വിഷയം തുടർച്ചയായി രണ്ടാം ദിവസവും ചർച്ചയായതോടെ കേസ് ദേശദ്രോഹമായി പരിഗണിക്കണമെന്ന ആവശ്യത്തിന് ശക്തിയേറുന്നു. വിഷയം അതിഗൗരവമുള്ള തായി പരിഗണിച്ച് ശക്തമായ തുടർനടപടികൾ ആവശ്യപ്പെട്ട് നിരവധി എം.പിമാരും അക്കാദമിക വിദഗ്ധരും രംഗത്തുവന്നു. ഇൗജിപ്ഷ്യൻ പൗരന്മാർക്ക് വ്യാജ സർട്ടിഫിക്കറ്റുകൾ നിർമിച്ചുനൽകിയ കേസിൽ വിദ്യാഭ്യാസ മന്ത്രാലയത്തിലെ വിദേശി പിടിക്കപ്പെട്ടത് ആദ്യ സംഭവമല്ലെന്നും, സമാനമായ നിരവധി സംഭവങ്ങളുടെ തുടർച്ചയാണിതെന്നും ആക്ഷേപമുയർന്നു. രാജ്യത്തിെൻറ നിയമവ്യവസ്ഥയെ കബളിപ്പിച്ച് സർക്കാർ തസ്തികകൾ അന്യായമായി വിദേശികൾക്ക് ലഭിക്കാൻ ഈ കുറ്റകൃത്യം കാരണമായിട്ടുണ്ടെന്നാണ് പൊതുഅഭിപ്രായം. അതിനാൽ, 1970-1980 കാലം മുതൽ നിയമനം നൽകിയ വിദേശികളുടെ യോഗ്യതാ സർട്ടിക്കറ്റുകളിൽ അന്വേഷണം നടത്തണമെന്ന് മുൻ ഉന്നത വിദ്യാഭ്യാസ ഡയറക്ടർ ഡോ. അഹ്മദ് അൽ അസരി ആവശ്യപ്പെട്ടു.
ഈജിപ്ത് ഉൾപ്പെടെ അറബ് രാജ്യങ്ങളിലെ സർവകലാശാലകൾ നൽകിയ സർട്ടിഫിക്കറ്റുകളും ബ്രിട്ടൻ, അമേരിക്ക ഉൾപ്പെടെ മറ്റു രാജ്യങ്ങളിൽനിന്നുള്ള സർട്ടിഫിക്കറ്റുകളുമാണ് 1980 മുതൽ സൂക്ഷ്മപരിശോധന നടത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ, വ്യാജ സർട്ടിഫിക്കറ്റുകളുമായെത്തുന്നവർക്ക് ജോലി തരപ്പെടുത്തിക്കൊടുക്കാൻ സ്വാധീനം ദുരുപയോഗം ചെയ്ത എം.പിമാരും മന്ത്രിമാരുമുൾപ്പെടെ ഉന്നതർക്കെതിരെയും നടപടിവേണമെന്ന് മുഹമ്മദ് അൽ ദലാൽ എം.പി ആവശ്യപ്പെട്ടു. വ്യാജ സർട്ടിക്കറ്റ് ഉടമകൾക്ക് ശിപാർശ നൽകുന്ന എം.പിമാരെ വെളിച്ചെത്തുകൊണ്ടുവരണമെന്ന ആവശ്യത്തെ ഉസാമ അൽ ഷാഹീൻ എം.പി പിന്തുണച്ചു. എം.പിമാരായ നായിഫ് അൽ മുർദാസ്, താമിർ അൽ സുവൈത്ത് എന്നിവരും ഇതേ ആവശ്യം ഉന്നയിച്ചു രംഗത്തുവന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.