കുവൈത്ത് സിറ്റി: ഗസ്സയിലെ ഫലസ്തീൻ ജനതയെ പിന്തുണക്കുന്നതിനായി കുവൈത്ത് സാമൂഹിക കാര്യ മന്ത്രാലയം അടിയന്തര ദുരിതാശ്വാസ കാമ്പയിൻ ആരംഭിച്ചു.വിദേശകാര്യ മന്ത്രാലയവുമായി ഏകോപിപ്പിച്ച് കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി (കെ.ആർ.സി.എസ്), വിവിധ സന്നദ്ധ സംഘടനകൾ എന്നിവയുടെ പങ്കാളിത്തത്തോടെയാണ് കാമ്പയിൻ.വ്യാഴാഴ്ച മുതൽ സന്നദ്ധ സംഘടനകളും ചാരിറ്റികളും സംഭാവനകൾ ശേഖരിക്കൽ ആരംഭിച്ചു. സഹൽ ആപ്പു വഴി സാമ്പത്തിക സംഭാവനകൾ നൽകാനും അവസരം ഒരുക്കിയിട്ടുണ്ട്. പ്രവാസികൾക്കും ഇതുവഴി സംഭാവനകൾ നൽകാം. ഗസ്സയിൽ ഇസ്രായേൽ തുടരുന്ന ഉപരോധവും ഭക്ഷണം, മരുന്ന്, വൈദ്യുതി, ജലവിതരണം എന്നിവ തടസ്സപ്പെടുന്നതും ജനങ്ങളുടെ ജീവൻ അപകടത്തിലാക്കിയിട്ടുണ്ട്.
രൂക്ഷമായ പട്ടിണിയും അവശ്യവസ്തുക്കളുടെ ലഭ്യതകുറവും വൻദുരന്ത സാഹചര്യവും സൃഷ്ടിച്ചിട്ടുണ്ട്. ഈ അസാധാരണമായ സാഹചര്യത്തിലാണ് കുവൈത്ത് നടപടി. എല്ലാ സംഭാവനകളും കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റിക്ക് കൈമാറണം. ഇവ ഏകോപിപിച്ച് ഈജിപ്ത്, ജോർഡൻ, ഫലസ്തീൻ എന്നിവിടങ്ങളിലെ പ്രധാന ദുരിതാശ്വാസ ഏജൻസികൾ വഴി ഗസ്സയിൽ എത്തിച്ച് വിതരണം ചെയ്യാനാണ് പദ്ധതി. കാമ്പയിനിന്റെ പുരോഗതി സാമൂഹികകാര്യ മന്ത്രാലയം നിരീക്ഷിക്കും.
ഗസ്സയിൽ കഠിനമായ ഭക്ഷ്യക്ഷാമം പടരുന്നതായും ഉടനടി മാനുഷിക സഹായം അനിവാര്യമാണെന്നും യു.എൻ പിന്തുണയുള്ള ഭക്ഷ്യ സുരക്ഷാ സംഘടന ഇന്റഗ്രേറ്റഡ് ഫുഡ് സെക്യൂരിറ്റി ഫേസ് ക്ലാസിഫിക്കേഷൻ ഇനിഷ്യേറ്റീവ് (ഐ.പി.സി) കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.കുട്ടികൾക്കിടയിൽ പോഷകാഹാരക്കുറവും പട്ടിണിയുമായി ബന്ധപ്പെട്ട മരണങ്ങൾ വർധിച്ചിട്ടുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.