കുവൈത്ത് സിറ്റി: കുവൈത്ത് വിദ്യാഭ്യാസ മേഖലയിലെ ഏകദേശം 30,000 പ്രവാസി അധ്യാപകർക്ക് എക്സിറ്റ് പെർമിറ്റ് നൽകുന്നതിലെ പ്രതിസന്ധി പരിഹരിച്ചതായി അധികൃതർ. സിവിൽ സർവീസ് ബ്യൂറോയുമായി ചേർന്ന് വിദ്യാഭ്യാസ മന്ത്രാലയമാണ് പ്രശ്നം പരിഹരിച്ചത്. എക്സിറ്റ് പെർമിറ്റ് സംവിധാനം നിലവിൽവന്നത് പ്രവാസി അധ്യാപക ജീവനക്കാർക്കിടയിൽ വ്യാപകമായ ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു.
പുതിയ സംവിധാനത്തിൽ വിവരങ്ങൾ ഏകീകരിക്കപ്പെടാത്തതിനാൽ പലർക്കും ഓൺലൈൻ എക്സിറ്റ് പെർമിറ്റുകൾ നേടാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് കഴിഞ്ഞ ആഴ്ച വിവിധ വിദ്യാഭ്യാസ ജില്ലകളിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫിസുകളിൽ പരാതികളുടെ പ്രവാഹവും തിരക്കുമുണ്ടായിരുന്നു. ഇതോടെ പ്രശ്നം പരിഹരിക്കാൻ വിദ്യാഭ്യാസ മന്ത്രി ഡോ.ആദിൽ അൽതബ്തബാഇ സിവിൽ സർവിസ് ബ്യൂറോയിലെ മുതിർന്ന ഉദ്യോഗസ്ഥരെ നേരിട്ട് ബന്ധപ്പെട്ടു.
ഇത് മന്ത്രാലയത്തിന്റെ ഇൻഫർമേഷൻ സിസ്റ്റംസ് വകുപ്പും സിവിൽ സർവിസ് ബ്യൂറോയും തമ്മിലുള്ള സഹകരണത്തിന് വഴിയൊരുക്കി, സംയോജിത സംവിധാനത്തിൽ കുവൈത്തി ഇതര അധ്യാപകരുടെ രേഖകൾ വേഗത്തിൽ അപ്ഡേറ്റ് ചെയ്യുകയും പരിശോധിക്കുകയും ചെയ്തു.
ഇതോടെ കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ നൂറുകണക്കിന് അധ്യാപകർക്ക് ഭരണപരമായ തടസ്സങ്ങളില്ലാതെ, പൂർണമായും ഇലക്ട്രോണിക് പ്രോസസിങ് വഴി അവരുടെ എക്സിറ്റ് പെർമിറ്റുകൾ ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.