കുവൈത്ത് സിറ്റി: വേനൽക്കാലത്ത് അമിതമായി സൂര്യപ്രകാശം ഏൽക്കുന്നത് ത്വക്ക് അർബുദ സാധ്യത വർധിപ്പിക്കുമെന്ന് കുവൈത്തിലെ കാൻസർ അവയർനെസ് നേഷൻ (സി.എ.എൻ) മുന്നറിയിപ്പ്. പ്രതിരോധ മാർഗങ്ങൾ ഉറപ്പാക്കാനും പതിവായി ചർമ പരിശോധനകൾ നടത്തണമെന്നും ആവശ്യപ്പെട്ടു.
ലോകതലത്തിൽ ഏറ്റവും സാധാരണമായ കാൻസറുകളിൽ ഒന്നാണ് ത്വക്ക് അർബുദം. ഇത്തരത്തിലുള്ള പല കേസുകളും തടയാനോ നേരത്തെ കണ്ടെത്താനോ കഴിയും. നേരത്തെ രോഗം കണ്ടെത്തുന്നത് അതിജീവന നിരക്ക് വർധിപ്പിക്കുമെന്ന് കാൻസർ അവയർനെസ് നേഷന്റെ ‘സേഫ് അണ്ടർ ദി സൺ’ ഡ്രൈവ് ഉദ്ഘാടനം ചെയ്തുകൊണ്ട് ഓങ്കോളജിസ്റ്റും സി.എ.എൻ ചെയർമാനുമായ ഡോ. ഖാലിദ് അൽ സാലെ പറഞ്ഞു.
ഔദ്യോഗിക കണക്കുകൾപ്രകാരം കുവൈത്തിൽ 2020ൽ 24 ത്വക്ക് കാൻസർ കേസുകൾ കണ്ടെത്തിയിരുന്നു. എട്ട് കുവൈത്തികളിലും 16 പ്രവാസികളിലുമാണ് ഇവ കണ്ടെത്തിയത്. മൊത്തം കാൻസറുകളുടെ 7.3 ശതമാനമാണിത്. ശരീരത്തിൽ പുതിയ മറുകുകൾ, പാടുകൾ, നിലവിലുള്ള മറുകുകളിലുണ്ടാകുന്ന മാറ്റങ്ങൾ, ഉണങ്ങാത്ത വ്രണങ്ങളോ ചെതുമ്പൽ പോലുള്ള പാടുകൾ എന്നിവ ത്വക്ക് അർബുദ ലക്ഷണങ്ങളാകാം. സൺസ്ക്രീനുകൾ ഉപയോഗിക്കൽ, സൂര്യപ്രകാശം ഏൽക്കുന്നത് കുറക്കൽ, സൂര്യപ്രകാശം നേരിട്ട് ഏൽക്കാത്ത സംരക്ഷണ വസ്ത്രങ്ങൾ ധരിക്കൽ, പതിവായി ചർമ്മ പരിശോധന നടത്തൽ എന്നിവയിലൂടെ ത്വക്ക് കാൻസറിനെ പ്രതിരോധിക്കാം. പ്രശ്നങ്ങൾ മറികടക്കാൻ മരുന്നുകൾ, ശസ്ത്രക്രിയ, ക്രയോതെറാപ്പി, ലേസർ, ഇമ്യൂണോതെറാപ്പി എന്നിവ ഉപയോഗിച്ചുള്ള ചികിത്സകൾ നിലവിലുണ്ട്.
ത്വക്ക് അർബുദ ബോധവത്കരണത്തിനായി ആരോഗ്യ മന്ത്രാലയവും മറ്റു ഏജൻസികളുമായും ചേർന്ന് വിവിധ പരിപാടികളും പ്രവർത്തനങ്ങളും സംഘടിപ്പിക്കുമെന്നും ഡോ. ഖാലിദ് അൽ സാലെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.