കുവൈത്ത് സിറ്റി: രാജ്യത്ത് അടുത്ത ബുധനാഴ്ചയോടെ ശീതകാല തണുപ്പ് പൂർണമായും അവസാനിക്കുമെന്ന് അൽ അജൈരി സയന്റിഫിക് സെന്റർ അറിയിച്ചു. ഇതോടെ വേനല്‍ സീസൺ ആരംഭിക്കും. കാലാവസ്ഥ പകൽ സമയത്ത് പതിയെ ചൂടാകുകയും വസന്തത്തിന്റെ അടയാളങ്ങൾ ചെടികളിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങുകയും ചെയ്യും. ഏപ്രിൽ രണ്ടാം തീയതി വരെ ഈ കാലാവസഥ നീളും. പിന്നീട് താപനില ക്രമാതീതമായി ഉയരുമെന്നും കാലാവസ്ഥ നിരീക്ഷകർ അറിയിച്ചു.
ഈ സീസണിൽ രാജ്യത്ത് വലിയരീതിയിൽ തണുപ്പ് അനുഭവപ്പെട്ടിരുന്നു. ഡിസംബർ, ജനുവരി, ഫെബ്രുവരി മാസങ്ങളിൽ രാജ്യത്ത് കൊടുംതണുപ്പാണ് അനുഭവപ്പെട്ടത്. കനത്ത മൂടൽമഞ്ഞും മഞ്ഞുവീഴ്ചയും ഉണ്ടായി. തണുപ്പ് പ്രതിരോധ വസ്ത്രങ്ങൾ ധരിക്കാതെ പുറത്തിറങ്ങൽ പ്രയാസമായിരുന്നു. എന്നാൽ, ഫെബ്രുവരി അവസാന ആഴ്ചയോടെ തണുപ്പ് കുറയുകയും ജനങ്ങൾ പ്രതിരോധ വസ്ത്രങ്ങൾ ഒഴിവാക്കിത്തുടങ്ങുകയും ചെയ്തു. മാർച്ചോടെ പകൽ സമയങ്ങളിൽ തണുപ്പ് അനുഭവപ്പെട്ടില്ല.
ബുധനാഴ്ചയോടെ തണുപ്പ് പൂർണമായി വിട്ടൊഴിയുമെന്നാണ് കണക്കാക്കുന്നത്. തുടർന്നുള്ള ദിവസങ്ങളിൽ ചൂട് ഉയരും. കുവൈത്ത് ഉൾപ്പെടെ മേഖലയിൽ വസന്തം തിരിച്ചെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.