കുവൈത്ത് സിറ്റി: ജോലി നഷ്ടപ്പെട്ട് നിരവധി മാസങ്ങളായി കുവൈത്തിൽ കുടുങ്ങിക്കിടക്കുന്ന ഖറാഫി നാഷനൽ കമ്പനിയിലെ ഇന്ത്യൻ തൊഴിലാളികളുടെ പ്രശ്നങ്ങൾ ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി എം.ജെ. അക്ബർ കുവൈത്ത് അധികൃതരുടെ ശ്രദ്ധയിൽപെടുത്തി. വിവിധ കുവൈത്തി മന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയിൽ പ്രശ്നപരിഹാരത്തിനുള്ള നടപടി കൈക്കൊള്ളാൻ എം.ജെ. അക്ബർ അഭ്യർഥിച്ചു. ചൊവ്വാഴ്ച ഇന്ത്യൻ എംബസിയിലെത്തിയ എം.ജെ. അക്ബറിനെ കണ്ട് ഖറാഫി നാഷനൽ കമ്പനിയിലെ ഇന്ത്യൻ തൊഴിലാളികൾ സങ്കടം ബോധിപ്പിക്കുകയും ഇത്രയും കാലം ഇക്കാര്യത്തിൽ ഫലപ്രദമായ ഇടപെടൽ നടത്താൻ കഴിയാത്ത അധികൃതരുടെ സമീപനത്തിൽ പ്രതിഷേധമറിയിക്കുകയും ചെയ്തിരുന്നു. മന്ത്രിതല കമീഷൻ യോഗത്തിെൻറ അജണ്ടയിലില്ലെങ്കിലും ഇക്കാര്യം യോഗത്തിലുന്നയിച്ച് പരിഹാരം തേടുമെന്ന് എം.ജെ. അക്ബർ തൊഴിലാളികളെ അറിയിക്കുകയും ചെയ്തു.
150ഒാളം മലയാളികൾ ഉൾപ്പെടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ള നിരവധി പേരാണ് ഖറാഫി കമ്പനിയിൽ ജോലി ചെയ്തിരുന്നത്. വിസാ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തങ്ങിയതിനുള്ള പിഴ തൊഴിലാളികൾക്ക് ഒഴിവായിക്കിട്ടുമെന്നാണ് സൂചന. അതേസമയം, തൊഴിലാളികൾക്ക് ലഭിക്കാനുള്ള ശമ്പളകുടിശ്ശികയും ആനുകൂല്യങ്ങളും ലഭ്യമാക്കാൻ വ്യക്തമായ പദ്ധതി തയാറാക്കേണ്ടിവരും. ഇൗ പദ്ധതിയുടെ വിജയത്തെ ആശ്രയിച്ചായിരിക്കും പ്രശ്നങ്ങളുടെ പരിഹാരം സാധ്യമാവുക.നിർമാണ മേഖലയിൽ പ്രവൃത്തിക്കുന്ന പ്രമുഖ കമ്പനിയായ ഖറാഫി നാഷനൽ കമ്പനിലെ തൊഴിലാളികളാണ് ഒരു വർഷത്തോളമായി ശമ്പളം ലഭിക്കാതെ കഷ്ടപ്പെടുന്നത്. പ്രശ്പരിഹാരം തേടി തൊഴിലാളികൾ നിരവധി തവണ ഇന്ത്യൻ എംബസിയെ സമീപിച്ചിരുന്നു. ഇന്ത്യൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, കേരള–തമിഴ്നാട് മുഖ്യമന്ത്രിമാർ, പി. കരുണാകരൻ എം.പി എന്നിവർക്ക് പരാതി ബോധിപ്പിച്ച് ഇ-മെയിൽ സന്ദേശം അയക്കുകയും ചെയ്തിരുന്നു.
ശമ്പളം മുടങ്ങിയതിനെ തുടർന്ന് ജൂലൈയിൽ എണ്ണൂറോളം തൊഴിലാളികൾ പണിമുടക്കി. കുടിശ്ശിക ഉൾപ്പെടെ ശമ്പളം ജൂലൈ അവസാനത്തോടെ നൽകുമെന്ന് കമ്പനി ഉറപ്പുനൽകിയതിനെ തുടർന്നാണ് അന്ന് തൊഴിലാളികൾ സമരം അവസാനിപ്പിച്ചത്. എന്നാൽ, കമ്പനി നിരവധി അവധികൾ പറഞ്ഞുവെന്നല്ലാതെ പ്രശ്നം പരിഹാരമാകാതെ നീണ്ടു. തുടർന്ന് ആഗസ്റ്റിൽ കമ്പനി ഒാഫിസ് രണ്ടായിരത്തോളം തൊഴിലാളികൾ ഉപരോധിച്ചു. ചില തൊഴിലാളികൾ കമ്പനിയിൽനിന്ന് രാജിവെച്ചിട്ടുണ്ട്. ഇവരുടെയും ശമ്പള കുടിശ്ശികയും ആനുകൂല്യങ്ങളും ലഭിച്ചിട്ടില്ല. പലരുടെയും വിസ കാലാവധി തീർന്നതിനാൽ അനധികൃത താമസത്തിന് പിഴ കുന്നുകൂടുകയാണ്. ഇൗ സാഹചര്യത്തിലാണ് ചൊവ്വാഴ്ച എം.ജെ. അക്ബറിെൻറ ഇന്ത്യൻ എംബസി സന്ദർശന സമയത്ത് തൊഴിലാളികൾ ഒന്നിച്ചെത്തി പരാതി പറഞ്ഞത്. പരാതി ബോധ്യപ്പെട്ട മന്ത്രി നടത്തിയ ശ്രമമാണ് പുതിയ പ്രത്യാശക്ക് വഴിയൊരുക്കിയിരിക്കുന്നത്. ബുധനാഴ്ച നടന്ന മൂന്നാമത് ഇന്ത്യ-കുവൈത്ത് സംയുക്ത മന്ത്രിതല കമീഷൻ യോഗത്തിൽ എം.ജെ. അക്ബറാണ് ഇന്ത്യൻ സംഘത്തെ നയിച്ചത്. കുവൈത്തി സംഘത്തിന് ഉപപ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയുമായ അനസ് ഖാലിദ് അൽ സാലെ നേതൃത്വം നൽകി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനെ കുറിച്ചും കൂടുതൽ മേഖലകളിലേക്ക് സഹകരണം വ്യാപിപ്പിക്കുന്നതിനെ കുറിച്ചും ഇരു രാജ്യങ്ങളും ചർച്ച നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.