കുവൈത്ത് സിറ്റി: 30 വയസ്സ് തികയാത്ത ഡിപ്ലോമ- ബിരുദ യോഗ്യതയുള്ളവർക്ക് തൊഴിൽ വിസ നൽകുന്നതിന് ഏർപ്പെടുത്തിയ വിലക്ക് മരവിപ്പിച്ചു. തൊഴിൽ സാമൂഹികക്ഷേമ മന്ത്രി ഹിന്ദ് അൽസബീഹ് ആണ് ഇക്കാര്യം അറിയിച്ചത്. 2018 ജനുവരി മുതൽ നടപ്പാക്കാനിരുന്ന തീരുമാനം കൂടുതൽ പഠനത്തിന് ശേഷം മാത്രം നടപ്പാക്കിയാൽ മതിയെന്ന് കരുതി മാറ്റിവെക്കുകയായിരുന്നു. തൊഴിൽ വിപണിയിൽ ഇത് സൃഷ്ടിക്കുന്ന പ്രത്യാഘാതം പരിഗണിച്ചാണ് പ്രായപരിധി ഉടൻ നടപ്പാക്കേണ്ടെന്ന് തീരുമാനിച്ചത്. സ്വദേശി യുവാക്കൾക്ക് കൂടുതൽ അവസരമൊരുക്കുക ലക്ഷ്യമിട്ടാണ് ഇത്തരമൊരു നിർദേശം പുറപ്പെടുവിച്ചത്. ഡിപ്ലോമ, ബിരുദ പഠനത്തിന് ശേഷം മതിയായ തൊഴിൽ പരിശീലനം നാട്ടിൽനിന്ന് ലഭിച്ചവരെ മാത്രം റിക്രൂട്ട് ചെയ്യുകയെന്ന ലക്ഷ്യവും ഉണ്ടായിരുന്നു. എന്നാൽ, പ്രായോഗിക ബുദ്ധിമുട്ടുകൾ ചൂട്ടിക്കാട്ടി വിവിധ തലങ്ങളിൽനിന്ന് പരാതി ഉയർന്നിരുന്നു. ആരോഗ്യ മന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലയം, ചെറുകിട വ്യവസായ സൊസൈറ്റി എന്നിവ എതിർപ്പുമായി രംഗത്തെത്തി. 30 വയസ്സിൽ താഴെയുള്ള പുതുതായി ബിരുദമെടുത്തവരെ നിയമിക്കുന്നതാണ് ലാഭകരമെന്നും അവർക്ക് കൊടുക്കുന്നതിെൻറ മൂന്നും നാലും ഇരട്ടി ശമ്പളം കൊടുത്താലേ 30 വയസ്സിന് മുകളിലുള്ളവരെ ലഭിക്കൂവെന്നും ചെറുകിട വ്യവസായ സൊസൈറ്റി ചൂണ്ടിക്കാട്ടി. സ്വദേശി യുവാക്കൾ ചെറുകിട, ഇടത്തരം സ്ഥാപനങ്ങളിൽ ജോലി ചെയ്യാൻ താൽപര്യപ്പെടുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.