അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്
കുവൈത്ത് സിറ്റി: അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ ആരോഗ്യനില തൃപ്തികരമായി തുടരുന്നതായി അമീരി ദിവാൻകാര്യ മന്ത്രി ഞായറാഴ്ച വൈകീട്ട് അറിയിച്ചു. അമീറിന് നല്ല ആരോഗ്യം കൈവരിക്കാനും വേഗത്തിൽ സുഖം പ്രാപിക്കാനും കഴിയട്ടെയെന്നും അമീരി ദിവാൻ മന്ത്രി ശൈഖ് മുഹമ്മദ് അൽ അബ്ദുല്ല അസ്സബാഹ് പ്രാർഥിച്ചു.
അതിനിടെ, കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിനെ ഞായറാഴ്ച ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് ഫോണിൽ ബന്ധപ്പെട്ടു. അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ ആരോഗ്യനില അദ്ദേഹം ചോദിച്ചറിഞ്ഞു. വിവരങ്ങൾ അന്വേഷിച്ചതിന് സുൽത്താൻ ഹൈതമിന് കിരീടാവകാശി നന്ദി പറഞ്ഞു. ഒമാന് കൂടുതൽ പുരോഗതിയും സമൃദ്ധിയും ഉണ്ടാകട്ടെയെന്നും കിരീടാവകാശി ആശംസിച്ചു.
അമീറിന്റെ ആരോഗ്യവിവരങ്ങൾ തിരക്കി ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ കിരീടാവകാശിയെ ഫോണിൽ ബന്ധപ്പെട്ടു. അമീറിന് വേഗത്തിൽ സുഖംപ്രാപിക്കാനും നല്ല ആരോഗ്യം നിലനിർത്താനുമാകട്ടെയെന്നും ബഹ്റൈൻ രാജാവ് പറഞ്ഞു. ഹമദ് രാജാവിന്റെ നല്ല വാക്കുകൾക്കും അന്വേഷണങ്ങൾക്കും കിരീടാവകാശി നന്ദി പറഞ്ഞു. അദ്ദേഹത്തിന് നല്ല ആരോഗ്യവും ബഹ്റൈന് കൂടുതൽ പുരോഗതിയും സമൃദ്ധിയും നേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.