കുവൈത്ത് സിറ്റി: ഉപഭോഗം ഉയർന്നിട്ടും രാജ്യത്തെ വൈദ്യുതി സൂചിക സ്ഥിരതയേടെ തുടരുന്നതായി റിപ്പോർട്ട്. വേനൽ ആരംഭിച്ചതോടെ അടുത്തിടെ ഉപഭോഗം 13,310 മെഗാവാട്ടിലെത്തിയിരുന്നു. അറ്റകുറ്റപ്പണികൾ കഴിഞ്ഞ നിരവധി യൂനിറ്റുകൾ സജീവമാക്കിയതും ഗൾഫ് പവർ ഗ്രിഡിൽനിന്ന് 600 മെഗാവാട്ട് ഇറക്കുമതി ചെയ്തതും മൂലമുള്ള ശക്തമായ കരുതൽ ശേഖരമാണ് ഈ സ്ഥിരതയ്ക്ക് കാരണം.അറ്റകുറ്റപ്പണികളുടെ ഏകദേശം 75 ശതമാനം പൂർത്തിയായതായും ശേഷിക്കുന്ന ജോലികൾ മേയ് അവസാനത്തോടെ പൂർത്തിയാകുമെന്നും വൈദ്യുതി, ജലം, പുനരുപയോഗ ഊർജ്ജ മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു.
വേനൽക്കാലത്തിനായുള്ള തയാറെടുപ്പിനായി വൈദ്യുതി ഉൽപാദന യൂനിറ്റുകളുടെയും ജലശുദ്ധീകരണ പ്ലാന്റുകളുടെയും വാർഷിക അറ്റകുറ്റപ്പണിയിൽ വലിയൊരു ഭാഗം കഴിഞ്ഞു. രണ്ടെണ്ണം ഒഴികെ ബാക്കിയെല്ലാം പ്രവർത്തനക്ഷമമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇവ പിന്നീട് പുനഃസ്ഥാപിക്കുമെന്നും വ്യക്തമാക്കി. എല്ലാ യൂനിറ്റുകളും പ്രവർത്തനക്ഷമമാകുന്നതോടെ, ദേശീയ പവർ ഗ്രിഡ് ശേഷി 18,000 മെഗാവാട്ട് കവിയുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്റർകണക്ഷൻ നെറ്റ്വർക്കിൽനിന്ന് വാങ്ങുന്ന 1,000 മെഗാവാട്ട് കൂടി ഇതിനൊപ്പം ചേർക്കും. വേനൽക്കാല മാസങ്ങളിലെ ഉയർന്ന ആവശ്യകത ഇത് പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ജലശുദ്ധീകരണ പ്ലാന്റുകളിലെ അറ്റകുറ്റപ്പണികളുടെ 75 ശതമാനവും പൂർത്തിയായതായും മേയ് അവസാനത്തോടെ പൂർണമായി പൂർത്തിയാകുമെന്നും അധികൃതർ വ്യക്തമാക്കി. രാജ്യത്ത് വേനൽക്കാലത്ത് താപനില ഉയരുന്നതോടെ വൈദ്യുതി ഉപഭോഗവും കുതിച്ചുയരാറുണ്ട്. ഇതോടെ പർവകട്ട് ഏർപ്പെടുത്തിയാണ് കഴിഞ്ഞ വർഷം പ്രതിസന്ധിയെ മറികടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.