കുവൈത്ത് സിറ്റി: വസന്തത്തിന്റെ വരവിനൊപ്പം പക്ഷികൾക്കും മനുഷ്യർക്കും ഒരുപോലെ രുചിയും ഒരുക്കി കുവൈത്തിൽ ഇലന്തപ്പഴങ്ങളുടെ വിളവുകാലം. ചെറിയ മരത്തിൽ നിറയെ ഫലങ്ങളുമായി കുവൈത്തിലുടനീളം ഇപ്പോൾ ഇലന്തപ്പഴങ്ങൾ കാണാം. നിറഞ്ഞ ഇലകളുള്ള ഉയരമില്ലാത്ത മരങ്ങളിൽ ഫലങ്ങളുമായി ഇവ പക്ഷികൾക്കും മനുഷ്യർക്കും ആശ്വാസമേകുന്നു. കുവൈത്തിൽ ശൈത്യകാലത്തും വസന്തകാലത്തുമാണ് ഇലന്തപ്പഴങ്ങൾ പാകമാകുന്നത്. മഴ എത്തുന്നതോടെ തളിർത്തുവളരുന്ന മരത്തിൽ കായ്കൾ രൂപപ്പെട്ടു തുടങ്ങും.
ചെറിയ ചൂടിനൊപ്പം വസന്തകാലത്ത് ഫലങ്ങൾ പാകമായി തുടങ്ങും. പച്ച നിറത്തിൽ തുടങ്ങി മഞ്ഞ/ചുവപ്പ് നിറമാകുമ്പോൾ പാകമാകുന്ന ഇവ ചെറിയ ചവർപ്പും മധുരവും കലർന്നതും ആപ്പിളിന്റെ രുചിയോട് സാമ്യമുള്ളതുമാണ്. നന്നായി പഴുക്കുമ്പോൾ ചുവപ്പുനിറമാകുന്ന ഇലന്തപ്പഴത്തിൽ ധാരാളം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. മരത്തിൽ നിന്ന് നേരിട്ടു പറിച്ചു കഴിക്കുന്നവരും, അച്ചാറുകളായും ഉണക്കിയും ഉപയോഗിക്കുന്നവരുമുണ്ട്. വലിയ രൂപത്തിൽ കൃഷിചെയ്യുന്നവരും ഉണ്ട്. ഇത്തരത്തിലുള്ള പഴങ്ങൾക്ക് പൊതുഇടങ്ങളിൽ വളരുന്ന മരങ്ങളിലേതിനാക്കാൾ വലുപ്പം കൂടും. കുവൈത്തിലെ സൂപ്പർമാർക്കറ്റുകൾ, പ്രാദേശിക പച്ചക്കറി വിപണികൾ എന്നിവടങ്ങളിലും ഇലന്തപ്പഴങ്ങൾ വിൽപ്പനക്കെത്താറുണ്ട്.
പോഷകസമൃദ്ധമായ ഒരു നാടൻ പഴമാണ് ഇലന്തപ്പഴം. ജീവകം സി, ധാതുലവണങ്ങൾ എന്നിവയാൽ സമ്പന്നം. മനുഷ്യ നാഡീവ്യൂഹത്തെ പിന്തുണക്കാൻ ഈ പഴം സഹായിക്കുന്നതായി പറയപ്പെടുന്നു. വേനൽ കാലത്ത് ഇലപൊഴിച്ച് കമ്പുകൾമാത്രമായി ചുരുങ്ങുന്ന ഇലന്തമരം ശൈത്യകാലത്തോടെയാണ് ഇലകൾ തളിർത്ത് ഫലങ്ങൾ ഉൽപാദിപ്പിച്ചു തുടങ്ങുക. കുവൈത്തിന്റെ വരണ്ട ഭൂമിയിൽ ഈ ആവാസവ്യവസഥക്ക് അനുരൂപമായാണ് ഇവയുടെ വളർച്ച.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.