മൻസൂർ അഹമ്മദ്

ആ വിവാഹ പന്തലിൽ മൻസൂർ അഹമ്മദ് ഉണ്ടാകില്ല...

കുവൈത്ത് സിറ്റി: പ്രവാസത്തിന്റെ ഏകാന്ത ജീവിതത്തിൽ നിന്ന് കുടുംബത്തിന്റെ സന്തോഷ ശീതളിമയിലേക്ക് വിമാനം കയറാനാണ് ബുധനാഴ്ച പുലർ​ച്ചെ മധ്യപ്രദേശ് സ്വദേശി മൻസൂർ അഹമ്മദ് കുവൈത്ത് വിമാനത്താവളത്തിൽ എത്തിയത്. ഈ യാത്രക്ക് മറ്റൊരു സന്തോഷം കൂടി ഉണ്ടായിരുന്നു. ജൂൺ എട്ടിന് നിശ്ചയിച്ച അനന്തരവന്റെ വിവാഹം. ദീർഘനാളുകൾക്കു ശേഷം കുടുംബത്തിനോടൊപ്പം ഒത്തുചേരൽ, പ്രിയപ്പെട്ട ഒരാളുടെ വിവാഹത്തിൽ പ​ങ്കെടുക്കൽ, അതിനായി വിമാനം കാത്തിരിക്കൽ. ഒരു പ്രവാസിക്ക് ഇതിലും വലിയ സന്തോഷ മൂഹൂർത്തം വേറെയുണ്ടാകില്ല.

എന്നാൽ ആക്രമണത്തിന്റെ രൂപത്തിൽ ആകാശത്തു നിന്നു പൊട്ടിവീണ തീഗോളം ആ പ്രതീക്ഷകളെ എല്ലാം ഒറ്റ നിമിഷംകൊണ്ട് കെടുത്തികളഞ്ഞു. മൻസൂർ അഹമ്മദ് മരിച്ചു. ബുധനാഴ്ച രാവിലെ 7.30 ഓടെ മൻസൂർ അഹമ്മദ് കുവൈത്തിൽ നിന്ന് മുംബൈയിലേക്ക് വിമാനം കയറേണ്ടതായിരുന്നു. മുംബൈയിൽ നിന്ന് ഉജ്ജൈൻ ജില്ലയിലെ നാട്ടിലേക്ക് ട്രയിനിൽ പോകാനായിരുന്നു പദ്ധതി. വൃദ്ധയായ അമ്മയും ഭാര്യയും രണ്ട് പെൺമക്കളും ഒരു മകനും മൻസൂർ അഹമ്മദിനെ വരവിനായി കാത്തിരിക്കുയായിരുന്നു. റെയിൽവേ സ്റ്റേഷനിൽ അദ്ദേഹത്തെ സ്വീകരിക്കാൻ കുടുംബം എത്താമെന്നും അറിയിച്ചിരുന്നു. ചൊവ്വാഴ്ച 18 വയസ്സുള്ള മകൻ അദ്ദേഹത്തോട് സംസാരിച്ചതുമാണ്. അത് അവസാന സംഭാഷണമാകുമെന്ന് ഇരുവരും കരുതികാണില്ല.

കുവൈത്ത് അന്താരാഷ്ട്ര എയർപോർട്ട്

 

വിമാനത്താവളത്തിൽ പൊടുന്നനെയുണ്ടായ ആക്രമണം എല്ലാം തകർത്തു. കുടുംബത്തിലെ ആഘോഷ അന്തരീക്ഷത്തെ മുഴുവൻ കെടുത്തി. അടുത്ത ദിവസം ഒരിക്കൽ കൂടി അവസാനമായി മൻസൂർ അഹമ്മദിനെ ബന്ധുക്കൾ സ്വീകരിക്കും. അതിന് ദീർഘനാളത്തെ കാത്തിരിപ്പിന്റെ സന്തോഷ മാധുര്യമായിരിക്കില്ല, മരണത്തിന്റെ ദു:ഖപൂർണമായ അന്തരീക്ഷമായിരിക്കും.

മൻസൂറിന്റെ മൃതദേഹം വെള്ളിയാഴ്ച പുലർച്ചെ രണ്ട് മണിയോടെ (ഇന്ത്യൻ സമയം) അഹമ്മദാബാദ് വിമാനത്താവളത്തിൽ എത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മരണവാർത്ത സർക്കാർ ഉദ്യോഗസ്ഥർ തങ്ങളെ അറിയിച്ചതായും മൃതദേഹം എത്തുന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ചതായും മൻസൂർ അഹമ്മദിന്റെ സഹോദരീഭർത്താവ് മുഹമ്മദ് ഇസ്മായിൽ അറിയിച്ചതായി ഇന്ത്യൻ വാർത്താ ഏജൻസി പി.ടി.ഐ റിപ്പോർട്ടു ചെയ്തു. ‘അദ്ദേഹത്തെ വീട്ടിലേക്ക് സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നതിനുപകരം, മൃതദേഹം കൊണ്ടുവരാൻ ഞങ്ങൾ ഇപ്പോൾ ഗുജറാത്തിലേക്ക് പോവുകയാണ്’ ഇസ്മായിൽ പറഞ്ഞു. കുടുംബം പോറ്റാൻ വേണ്ടി ഏകദേശം 30 വർഷത്തോളം കുവൈത്തിൽ തയ്യൽക്കാരനായി ജോലി ചെയ്ത മൻസൂർ അഹമ്മദിന്റെ ജീവിതം അവിടെ അവസാനിക്കും.

Tags:    
News Summary - Mansoor Ahmed will not be at that wedding venue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.