കുവൈത്ത് സിറ്റി: രാജ്യത്തെ പൗരന്മാർക്കും താമസക്കാർക്കും അമീർ അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് ബലിപെരുന്നാൾ ആശംസകൾ നേർന്നു. എല്ലാവർക്കും സന്തോഷവും സമൃദ്ധിയും സുരക്ഷയും ഉണ്ടാകട്ടെയെന്നും അമീർ പറഞ്ഞു. അറബ്, മുസ്ലിം രാഷ്ട്ര നേതാക്കൾക്കും അമീർ ആശംസ നേർന്നു. അറബ്, മുസ്ലിം രാജ്യങ്ങൾക്ക് കൂടുതൽ അനുഗ്രഹങ്ങളും സ്ഥിരതയും സുരക്ഷയും കൈവരട്ടെ എന്നും സന്ദേശത്തിൽ സൂചിപ്പിച്ച അമീർ കുവൈത്തിനെയും ജനങ്ങളെയും സംരക്ഷിക്കാനും സുരക്ഷ നൽകാനും പ്രാർഥിച്ചു. അമീറിന് കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ് ആശംസകൾ നേർന്നു. കുവൈത്തിലും അറബ്, മുസ്ലിം രാജ്യങ്ങളിലും കൂടുതൽ പുരോഗതി, നന്മ, വികസനം എന്നിവ കൈവരട്ടെയെന്ന് കിരീടാവകാശി പ്രാർഥിച്ചു. പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹും മന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരും അമീറിന് ആശംസ നേർന്നു.
ബലിപെരുന്നാൾ അവധി ഇന്നു മുതൽ
കുവൈത്ത് സിറ്റി: രാജ്യത്ത് ബലിപെരുന്നാൾ അവധി ഇന്നുമുതൽ. അഞ്ചു ദിവസമാണ് ഈ വർഷം പെരുന്നാൾ അവധി. ജൂൺ അഞ്ചു മുതൽ ഒമ്പതുവരെയാണ് അവധി. ജൂൺ 10 ചൊവ്വാഴ്ച മുതൽ ഔദ്യോഗിക പ്രവൃത്തി ദിവസം പുനരാരംഭിക്കും.
പെരുന്നാൾ കുടുംബത്തോടൊപ്പം ആഘോഷിക്കാൻ നിരവധി പേർ നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. അഞ്ചു ദിവസത്തെ അവധിയും ചുരുക്കം ചില ലീവും എടുത്താൽ കുറച്ചുദിവസം നാട്ടിൽ നിൽക്കാം എന്ന കണക്കുകൂട്ടലിലാണ് പ്രവാസികൾ. സ്കൂൾ വെക്കേഷൻ ആയതിനാൽ മലയാളികൾ അടക്കമുള്ള നിരവധി കുടുംബങ്ങൾ നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.
കെ.ഐ.ജി കുവൈത്ത് ഈദ് ഗാഹ്
കുവൈത്ത് സിറ്റി: കെ.ഐ.ജി കുവൈത്ത് നേതൃത്വത്തിൽ ആറിടത്ത് ഈദ് ഗാഹ് സംഘടിപ്പിക്കും. അബ്ബാസിയ പാർക്ക്, സാൽമിയ ഗാർഡൻ, ഫഹാഹീൽ ബലദിയ ഗാർഡൻ, മെഹ്ബൂല അൽ നൂർ സ്കൂൾ ഗ്രൗണ്ട്, റിഗ്ഗായി, ഫർവാനിയ ഗാർഡൻ എന്നിവിടങ്ങളിലായാണ് ഈദ് ഗാഹുകൾ.
അബ്ബാസിയ പാർക്കിൽ അൻവർ സഈദും, സാൽമിയ ഗാർഡനിൽ അനീസ് ഫാറൂഖിയും, ഫഹാഹീൽ ബലദിയ ഗാർഡനിൽ ഫൈസൽ മഞ്ചേരിയും, മെഹ്ബൂല അൽ നൂർ സ്കൂൾ ഗ്രൗണ്ടിൽ എ.പി അബ്ദുൽ സത്താറും, റിഗായിൽ ഡോ.അലിഫ് ഷുക്കൂറും, ഫർവാനിയ ബ്ലോക്ക് 4 ഗാർഡനിലെ ഫുട്ബാൾ ഗ്രൗണ്ടിൽ ഷെഫീഖ് അബ്ദുസമദും നമസ്കാരങ്ങൾക്ക് നേതൃത്വം നൽകും. നമസ്ക്കാരം കാലത്ത് 5.03ന് ആരംഭിക്കും. വുളു എടുത്ത് മുസല്ലകളുമായി ഈദ് ഗാഹിലെത്താൻ കെ.ഐ.ജി മസ്ജിദ് സെൽ അറിയിച്ചു.
ഹുദ സെന്റർ ഈദ് ഗാഹ്
കുവൈത്ത് സിറ്റി: കുവൈത്ത് ഇന്ത്യൻ ഹുദ സെന്റർ നേതൃത്വത്തിൽ മംഗഫ് ബ്ലോക്ക് നാലിനു സമീപമുള്ള ബീച്ച് പരിസരത്തും, ഫർവാനിയ ബ്ലോക്ക് രണ്ടിലുള്ള ബൈലിങ്ക്വൽ സ്കൂൾ സ്റ്റേഡിയത്തിലും ബലിപെരുന്നാൾ നമസ്ക്കാരം സംഘടിപ്പിക്കും. രാവിലെ 5:03ന് നമസ്കാരം ആരംഭിക്കും. വീരാന്‍കുട്ടി സ്വലാഹി, അഹ്മദ് പൊറ്റയില്‍ എന്നിവർ ഈദ് നമസ്കാരങ്ങൾക്ക് നേതൃത്വം നൽകും. ഈദ് ഗാഹിൽ സ്ത്രീകൾക്ക് സൗകര്യമുണ്ടായിരിക്കും. വിവരങ്ങൾക്ക് 66657387, 66980663.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.