കുവൈത്ത് സിറ്റി: വിശ്വസാഹിത്യകാരൻ വില്യംഷേക്സ്പിയറുടെ ദുരന്തകാവ്യമായ ‘ഒഥല്ലോ’യുടെ സ്വതന്ത്ര നാടകാവിഷ്കാരമായി കേരള ആർട്സ് ആൻഡ് നാടക അക്കാദമി അവതരിപ്പിച്ച മെഗാനാടകം ‘മഴ’ അവതരണ മികവുകൊണ്ടും അഭിനേതാക്കളുടെ ഉജ്ജ്വല പ്രകടനം കൊണ്ടും ശ്രദ്ധേയമായി.
നാടകകൃത്ത് ഹേമന്ദ് കുമാർ രചന നിർവഹിച്ച് കലാശ്രീ ബാബു ചാക്കോള സംവിധാനം ചെയ്ത നാടകം ഹവല്ലിയിലെ ബോയ്സ് സ്കൗട്ട് അസോസിയേഷൻ ഹാളില്‍ വ്യാഴാഴ്ച വൈകീട്ട് 6.30നും വെള്ളിയാഴ്ച 3.30നും 6.30നുമാണ് അവതരിപ്പിക്കപ്പെട്ടത്. മൂലകഥയെ കേരളീയ പരിസരത്തേക്ക് പറിച്ചുനട്ടാണ് രണ്ടര മണിക്കൂർ നാടകം അവതരിപ്പിച്ചത്. ഒഥല്ലോയുടെ മലയാളപതിപ്പായ ‘കറുത്ത’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് സംവിധായകനായ ബാബു ചാക്കോള തന്നെയാണ്. വില്ലൻ വേഷം അവതരിപ്പിച്ച കുമാർ തൃത്താല അസാമാന്യ പ്രകടനം കാഴ്ചവെച്ചു. മഞ്ജു മാത്യു ചെന്താര എന്ന പേരിൽ ഡെസ്ഡിമോണയുടെ ഭാഗം ഉജ്ജ്വലമായി അഭിനയിച്ചു.
പ്രോഗ്രാം കണ്‍വീനര്‍ കൂടിയായ സജീവ് കെ. പീറ്റർ അടക്കമുള്ള അഭിനേതാക്കൾ ആരും മോശമാക്കിയില്ല. നാട്ടിൽനിന്നെത്തി രംഗപടം കൈകാര്യം ചെയ്ത ആർട്ടിസ്റ്റ് വിജയൻ കടേമ്പരി, വസ്ത്രാലങ്കാരവും ചമയവും നിർവഹിച്ച വക്കം മാഹീൻ, ദീപവിതാനം നിർവഹിച്ച ചിറക്കൽ രാജു എന്നിവരും തങ്ങളുടെ ഭാഗം ഭംഗിയാക്കി. കഥ അറിയാമായിരുന്നിട്ടും രസച്ചരട് പൊട്ടാതിരിക്കാൻ സഹായിക്കുന്നതായിരുന്നു പശ്ചാത്തല സംഗീതം. നാടക രചയിതാവ് ഹേമന്ദ്കുമാറും തയാറെടുപ്പുകൾക്ക് സഹായവുമായി നാട്ടിൽനിന്ന് എത്തിയിരുന്നു.
പ്രവാസലോകത്തിെൻറ പരിമിതികൾ അനുഭവപ്പെടുത്താതെ പ്രഫഷനൽ മികവോടെത്തന്നെ നാടകം അരങ്ങിലെത്തിക്കാൻ അണിയറ പ്രവർത്തകർക്ക് കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.