കുവൈത്ത് സിറ്റി: ചൂട് ദിവസവും കൂടിവരുകയാണ്. വരുംദിവസങ്ങളിലും കനത്ത താപനില തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകുന്ന സൂചന. ചൂട് കൂടുന്ന കാലത്ത് പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും സാധ്യത ഏറെയാണ്. വേണ്ട മുൻകരുതലുകൾ എടുത്ത് മുന്നോട്ടുപോയാൽ ‘പൊള്ളലില്ലാതെ’ ഈ ചൂടുകാലം മറികടക്കാം.
ഉച്ചവെയിൽ ഒഴിവാക്കണം
പകൽ സമയത്ത് വെയിൽ കൊള്ളുന്നത് ഒഴിവാക്കണം. അടിയന്തര ആവശ്യങ്ങൾക്ക് പുറത്തിറങ്ങുന്നവർ കുടയോ തൊപ്പിയോ കരുതണം. കണ്ണില്‍ നേരിട്ട് വെയിലുകൊള്ളുന്നത് തടയാന്‍ കൂളിങ് ഗ്ലാസ് ധരിക്കാം.
നിലവിൽ രാവിലെ 11 മുതൽ വൈകീട്ട് നാലുവരെ പുറം തൊഴിലുകൾക്ക് നിയന്ത്രണമുണ്ട്. തൊഴിലാളികളുടെ ആരോഗ്യവും തൊഴിൽ സുരക്ഷയും പരിഗണിച്ചാണ് ഇത്. നിമയം ലംഘിക്കുന്നവർക്കെതിരെ നടപടി സ്വീകരിച്ചുവരുന്നുണ്ട്. ഉച്ച വിശ്രമവേള പ്രാബല്യത്തിൽ വന്നത് പുറത്ത് പണിയെടുക്കുന്നവർക്ക് ആശ്വാസമായിട്ടുണ്ട്. ചൂട് ഉയർന്നതോടെ പകൽ പുറത്തിറങ്ങുന്നത് ആളുകൾ കുറച്ചിട്ടുണ്ട്. സൂഖുകളിലും ഷോപ്പിങ് മാളുകളിലുമെല്ലാം തിരക്ക് കുറവാണ്.
അയഞ്ഞ വസ്ത്രങ്ങളിലേക്ക് മാറാം
മണിക്കൂറുകളോളം ഇറുകിയ വസ്ത്രങ്ങള്‍ ധരിച്ച് കഠിനമായ ചൂടില്‍ ജോലിചെയ്യുന്നവര്‍ക്ക് ചര്‍മരോഗങ്ങൾ പിടിപെടാം. ഇവർ ഡോക്ടറുടെ ഉപദേശം തേടണം. വെയിലുകൊണ്ട് ജോലി ചെയ്യുന്നവര്‍,അയഞ്ഞ കോട്ടണ്‍ വസ്ത്രം ധരിക്കണം. പൈപ്പുകളിൽ ചൂടുവെള്ളം വരുന്നത് ഒഴിവാക്കാൻ നേരത്തേ വെള്ളം സംഭരിച്ചുവെച്ചു വേണം കുളിക്കാൻ. അല്ലാത്തപക്ഷം തൊലിയില്‍ പാടുകള്‍ പ്രത്യക്ഷപ്പെടാനും മുടി കൊഴിയാനും സാധ്യത ഏറെയാണ്. ചൂടുവെള്ളത്തില്‍ ഫ്രീസറില്‍ സൂക്ഷിച്ച ഐസുകട്ടകള്‍ ലയിപ്പിച്ച് കുളിക്കുന്നത് നല്ലതല്ല.
താപ വ്യതിയാനങ്ങളും പ്രശ്നം
പുറത്തെ വെയിലിന്റെ ചൂടും അകത്തെ എ.സിയുടെ കൃത്രിമത്തണുപ്പും ഓഫിസുകളിലും മറ്റു വ്യാപാരസ്ഥാപനങ്ങളിലും ജോലിചെയ്യുന്നവര്‍ക്ക് വിട്ടുമാറാത്ത ജലദോഷവും പനിയും അനുഭവപ്പെടാന്‍ കാരണമാവുന്നതായി ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു. കഠിനമായ ചൂടില്‍നിന്ന് നേരെ എ.സിയുടെ തണുപ്പിലേക്ക് വരുമ്പോഴും വൈറൽപനി പോലുള്ള അസുഖങ്ങള്‍ക്ക് സാധ്യത കൂടുതലാണ്. ശരീരത്തിന്റെ താപം പെട്ടെന്ന് കുറയുന്നതാണ് പ്രധാനകാരണം. ഈ അവസരങ്ങളില്‍ ശ്വസനേന്ദ്രിയങ്ങളില്‍ ബാക്ടീരിയ വളരാനും ഫംഗസ് ബാധക്കും സാധ്യത ഏറെയാണ്. ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം ആന്റിബയോട്ടിക്കുകള്‍ കഴിച്ചാല്‍ മാത്രമേ ഇതിന് ശമനം ഉണ്ടാവുകയുള്ളൂ.
തുടര്‍ച്ചയായി എ.സിയില്‍ ജോലിചെയ്യുന്നവര്‍ക്കും ശാരീരിക പ്രയാസം അനുഭവപ്പെടുന്നു. വിട്ടുമാറാത്ത ജലദോഷവും പനിയും മൂക്കടപ്പും അലര്‍ജിജന്യമായ കാരണങ്ങളാല്‍ പിടിപെടുന്നു. ‘മൈക്കോപ്ലാസ്മ ഇന്ഫെക്ഷന്’ എന്നപേരില്‍ അറിയപ്പെടുന്ന ഈ രോഗം വരുമ്പോള്‍ ചികിത്സതേടണം. എ.സി.യുടെ ഫില്‍ട്ടറില്‍നിന്ന് വരുന്ന പൊടിപടലങ്ങള്‍ ശ്വസിക്കേണ്ടിവരുന്നത് രോഗത്തിന് പ്രധാന കാരണമാണ്. എ.സി ഫില്‍ട്ടര്‍ ഇടക്കിടക്ക് വൃത്തിയാക്കണം.
പെട്ടെന്ന് ദഹിക്കുന്ന ഭക്ഷണം
പെട്ടെന്ന് ദഹിക്കുന്ന തരത്തിലുള്ള ഭക്ഷണമാണ് ചൂടുകാലത്ത് നല്ലത്. വേവ് കുറഞ്ഞ അരിയുടെ ചോറും കഞ്ഞിയും കുടിക്കുന്നത് ദഹനത്തെ സഹായിക്കും. പച്ചക്കറികളും ഇലക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. ചിക്കന്‍, മട്ടന്‍, ബീഫ് പോലുള്ള മാംസാഹാരം കുറക്കാം.
ചൂടുകാലത്ത് ധാരാളം വെള്ളം കുടിക്കണം. വെയിലത്തു നിന്ന് വന്ന ഉടന്‍ ഫ്രിഡ്ജിലെ തണുത്ത വെള്ളം കുടിക്കുന്നത് ശരീരത്തിന് നല്ലതല്ല. തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുന്നതാണ് ഉത്തമം. കുറഞ്ഞത് പത്ത് ഗ്ലാസ് വെള്ളമെങ്കിലും ഒരു ദിവസം കുടിക്കണം. പഞ്ചസാര ചേര്‍ന്ന പാനീയങ്ങള്‍ ഒഴിവാക്കണം. പ്രത്യേകിച്ച് സോഫ്റ്റ് ഡ്രിങ്കുകളും കാപ്പിയും. ഭക്ഷണം കൃത്യസമയത്ത് കഴിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.