ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ കൗൺസിൽ സെഷനിൽ അസ്മ അബ്ദുല്ല അൽ ഹാജി
കുവൈത്ത് സിറ്റി: മനുഷ്യാവകാശ മേഖലയിൽ സാങ്കേതിക സഹകരണവും ശേഷി വികസനവും നൽകുന്നതിൽ രാഷ്ട്രീയവത്കരണവും പ്രത്യേക തെരഞ്ഞെടുക്കലും ഒഴിവാക്കണമെന്ന് കുവൈത്ത്. ജനീവയിൽ ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ കൗൺസിലിന്റെ 59ാമത് സെഷന്റെ ഭാഗമായി നടന്ന മനുഷ്യാവകാശ മേഖലയിലെ ശേഷി വികസനവും സാങ്കേതിക സഹകരണവും സംബന്ധിച്ച പാനൽ ചർച്ചയിൽ കുവൈത്ത് പ്രതിനിധി സംഘത്തിലെ നയതന്ത്ര അറ്റാഷെ അസ്മ അബ്ദുല്ല അൽ ഹാജിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഓരോ രാജ്യത്തിന്റെയും സാംസ്കാരികവും സാമൂഹികവുമായ പ്രത്യേകതകളോടുള്ള പങ്കാളിത്തം, ധാരണ, ബഹുമാനം എന്നിവയെ അടിസ്ഥാനമാക്കി രാജ്യങ്ങൾക്കിടയിൽ അനുഭവങ്ങളും വിജയകരമായ രീതികളും കൈമാറുന്നതിന്റെ പ്രാധാന്യം അവർ എടുത്തുപറഞ്ഞു. അതുവഴി അവകാശങ്ങളെയും സ്വാതന്ത്ര്യങ്ങളെയും പിന്തുണക്കുന്ന ഒരു അന്തരീക്ഷം വളർത്തിയെടുക്കാൻ കഴിയുമെന്നും സൂചിപ്പിച്ചു.
ഐക്യരാഷ്ട്രസഭയുടെ വിവിധ സംവിധാനങ്ങളുമായി ക്രിയാത്മക സഹകരണം തുടരും. രാജ്യങ്ങളുടെ ശാക്തീകരണം, അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും സംരക്ഷിക്കുന്നതിനുള്ള ശേഷി വർധിപ്പിക്കൽ തുടങ്ങി എല്ലാ സംരംഭങ്ങളെയും കുവൈത്ത് പിന്തുണക്കുമെന്നും അസ്മ അബ്ദുല്ല അൽ ഹാജി അറിയിച്ചു. രാജ്യങ്ങളുടെ ദേശീയ മനുഷ്യാവകാശ സംരക്ഷണ ഘടനകളെ ശക്തിപ്പെടുത്തൽ, ഇതിനായി മനുഷ്യാവകാശ ഹൈക്കമീഷണറുടെ ഓഫിസിനെ പിന്തുണക്കുന്നതിൽ സാങ്കേതിക സഹകരണത്തിന്റെ പങ്ക് എന്നിവ ചർച്ചയിൽ വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.