കുവൈത്ത് സിറ്റി: ട്രാഫിക് പിഴ അടക്കണമെന്ന് ആവശ്യപ്പെട്ട് എത്തുന്ന വ്യാജ സന്ദേശങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് ഉണർത്തി ആഭ്യന്തര മന്ത്രാലയം. ബാങ്ക് വിവരങ്ങളും വ്യക്തിഗത വിവരങ്ങളും കൈക്കലാക്കുകയാണ് ഇത്തരം സന്ദേശങ്ങളുടെ ലക്ഷ്യമെന്ന് അധികൃതർ വ്യക്തമാക്കി.
ഇത്തരം സന്ദേശങ്ങൾ പൂർണമായി അവഗണിക്കുകയും ഒരു ലിങ്കിലും ക്ലിക്ക് ചെയ്യുകയും ചെയ്യരുത്. ട്രാഫിക് ലംഘനങ്ങളുമായി ബന്ധപ്പെട്ട അറിയിപ്പുകൾ ആഭ്യന്തര മന്ത്രാലയം എസ്.എം.എസ് വഴി അയക്കുന്നില്ല. പിഴ അടക്കേണ്ടത് സർക്കാർ ഏകീകൃത ആപ്പായ ‘സഹ്ൽ’ വഴിയോ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ മാത്രമാണെന്നും വ്യക്തമാക്കി. ഇതുവഴി എളുപ്പത്തിൽ നടപടികൾ പൂർത്തിയാക്കാം.വ്യാജ സന്ദേശങ്ങളുടെ ഉറവിടം അന്വേഷിച്ചുവരുന്നതായും പൗരന്മാരും താമസക്കാരും ജാഗ്രത പാലിക്കണമെന്നും സംശയാസ്പദ സന്ദേശങ്ങൾ റിപ്പോർട്ട് ചെയ്യണമെന്നും അധികൃതർ അഭ്യർഥിച്ചു.
20 ദീനാർ ട്രാഫിക് പിഴ അടക്കണമെന്നും നിശ്ചിത കാലയളവിനുള്ളിൽ ഇത് അടച്ചിട്ടില്ലെങ്കിൽ പിഴ 200 ദീനാറായി ഉയരുമെന്നും കാണിച്ച് ചിലർക്ക് കഴിഞ്ഞ ദിവസം വ്യാജ ടെക്സ്റ്റ് സന്ദേശങ്ങൾ ലഭിച്ചിരുന്നു. ഇതിനെ തുടർന്നാണ് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ്. നിരവധി പേർക്ക് മൊബൈലുകളിൽ ഈ ടെക്സ്റ്റ് സന്ദേശങ്ങൾ ലഭിച്ചതായും സന്ദേശങ്ങൾക്ക് മറുപടി നൽകരുതെന്നും മന്ത്രാലയം പൊതുജനങ്ങളെ ഉണർത്തി.
ബാങ്ക് അക്കൗണ്ടുകൾ ഹാക്ക് ചെയ്ത് പണം മോഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയുള്ള പുതിയൊരു തട്ടിപ്പാണ് ഇത്തരം സന്ദേശങ്ങൾ. വ്യാജ സന്ദേശങ്ങൾക്ക് മറുപടി നൽകുന്നത് അക്കൗണ്ടിൽനിന്ന് പണം പിൻവലിക്കുന്നതിനോ വ്യക്തിഗത ഡാറ്റയും അക്കൗണ്ടുകളും മോഷ്ടിക്കുന്നതിനോ കാരണമാകുമെന്നും മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.