കുവൈത്ത് സിറ്റി: കുവൈത്തിൽ ഭിന്നശേഷി വ്യക്തികൾക്ക് കൂടുതൽ പ്രാമുഖ്യം നൽകി സാമൂഹികകാര്യ മന്ത്രാലയം. വെള്ളിയാഴ്ച ഖുതുബകളും മതപരമായ പരിപാടികളും ആംഗ്യഭാഷയിൽ കൂടി വേണമെന്ന് ആവശ്യപ്പെട്ടു സാമൂഹിക കാര്യ മന്ത്രിയും കുടുംബ-ബാല്യകാര്യ മന്ത്രിയുമായ ഡോ.അംതാൽ അൽ ഹുവൈല ഔഖാഫ്, ഇസ്ലാമിക കാര്യ മന്ത്രി ഡോ.മുഹമ്മദ് അൽ വാസ്മിക്ക് നിർദ്ദേശം സമർപ്പിച്ചു. ഇത്തരത്തിൽ ഓരോ ഗവർണറേറ്റിലും കുറഞ്ഞത് ഒരു പള്ളിയെങ്കിലും അനുവദിക്കണമെന്ന് ആവശ്യപ്പെട്ടതായി മന്ത്രി ഡോ.അംതാൽ അൽ ഹുവൈല അറിയിച്ചു.
ബധിര സമൂഹം ഉൾപ്പെടെ സമൂഹത്തിലെ എല്ലാ അംഗങ്ങൾക്കും മതപരമായ സേവനങ്ങൾ നൽകുന്നതിൽ നീതിയുടെയും സമത്വത്തിന്റെയും തത്വങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനുമുള്ള കുവൈത്തിന്റെ പ്രതിബദ്ധതയുടെ ഭാഗമായാണ് നടപടി. ഐക്യരാഷ്ട്രസഭയുടെ ഭിന്നശേഷിക്കാരുടെ അവകാശങ്ങൾക്കായുള്ള വ്യവസ്ഥകൾ നടപ്പിലാക്കലും ഇതിൽ ഉൾകൊള്ളുന്നു. ഇത് മതപരവും സാമൂഹികവുമായ അവബോധം വർധിപ്പിക്കുകയും വെള്ളിയാഴ്ച പ്രഭാഷണങ്ങളിലും മതപരമായ ഒത്തുചേരലുകളിലും പങ്കെടുക്കുന്നവരുടെ എണ്ണം വർധിപ്പിക്കുകയും ചെയ്യും.
ഭിന്നശേഷി വിഭാഗങ്ങളുടെ ശാക്തീകരണത്തിനും പൊതുജീവിതത്തിൽ അവരുടെ പൂർണ്ണ പങ്കാളിത്തം ഉറപ്പാക്കുന്നതിനുമുള്ള ദേശീയ ശ്രമങ്ങളുടെ ഭാഗമാണിതെന്നും മന്ത്രി ഡോ.അംതാൽ അൽ ഹുവൈല വ്യക്തമാക്കി. രാജ്യത്തെ മതപരവും സാമൂഹികവുമായ ഉൾപ്പെടുത്തലിന്റെ പ്രധാന ഉദാഹരണമായി നടപടി മാറുമെന്നും അവർ പ്രത്യാശ പ്രകടിപ്പിച്ചു. പദ്ധതി നടപ്പാക്കൽ, സാങ്കേതിക വശങ്ങൾ എന്നിവ ചർച്ച ചെയ്യുന്നതിനായി ഭിന്നശേഷി പൊതു അതോറിറ്റി ഔഖാഫ്, ഇസ്ലാമിക കാര്യ മന്ത്രാലയവുമായി ഏകോപനം നടത്തിവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.