ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ സമ്മേളനത്തിൽ ഡോ. ജാഫറലി പരോൾ സംസാരിക്കുന്നു
കുവൈത്ത് സിറ്റി: നവീന ആശയങ്ങളും സാങ്കേതിക വികാസവും ചർച്ചചെയ്തു നാലാമത് ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ സമ്മേളനം. കമ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റെഗുലേറ്ററി അതോറിറ്റിയുമായി സഹകരിച്ച് സംഘടിപ്പിച്ച സമ്മേളനത്തിൽ ധനകാര്യ മന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലയം, പൊതുമരാമത്ത് മന്ത്രാലയം, ഭവന ക്ഷേമത്തിനായുള്ള പൊതു അതോറിറ്റി, ദേശീയ സൈബർ സുരക്ഷ കേന്ദ്രം എന്നിവയുൾപ്പെടെയുള്ള പ്രധാന സ്ഥാപനങ്ങൾ പങ്കാളികളായി.
സെൻട്രൽ ഏജൻസി ഫോർ ഇൻഫർമേഷൻ ടെക്നോളജി ഡയറക്ടർ ജനറൽ നജാത്ത് ഹുസൈൻ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഓഫ് തിങ്സിന്റെ സ്ഥാപകനും ബോർഡ് ചെയർമാനുമായ ശൈഖ് മുഹമ്മദ് അസ്സബാഹ് മുഖ്യപ്രഭാഷണം നടത്തി.
‘കുവൈത്തിന്റെ സ്മാർട്ട് സിറ്റി വികസനം’ എന്ന പ്രത്യേക പാനൽ ചർച്ചയായിരുന്നു പരിപാടിയുടെ പ്രധാന സെഷനുകളിൽ ഒന്ന്. ബി.ഐ.എമ്മും ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ സ്പെഷലിസ്റ്റുമായ ഡോ. മനൽ അലാദ്വാനി, കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ചിലെ ഗവേഷണ ശാസ്ത്രജ്ഞൻ ഡോ. ജാഫറലി പരോൾ, പൊതുമരാമത്ത് മന്ത്രാലയത്തിലെ കൺട്രോൾ ആൻഡ് ഓഡിറ്റ് സെക്ടറിന്റെ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി എൻജിനീയർ അയ്മാൻ മൗസാവി, സുപ്രീം കൗൺസിൽ ഫോർ പ്ലാനിങ് ആൻഡ് ഡെവലപ്മെന്റിന്റെ മുൻ സെക്രട്ടറി ജനറൽ ഡോ. ഖാലിദ് മഹ്ദി, പബ്ലിക് അതോറിറ്റി ഫോർ ഹൗസിങ് ആൻഡ് വെൽഫെയറിലെ നിക്ഷേപ, സ്വകാര്യ മേഖല പദ്ധതികൾക്കായുള്ള ഡെപ്യൂട്ടി ഡയറക്ടർ ജനറൽ എൻജി.അഹ്മദ് അലൻസാരി, ഡബ്ല്യു.എ.സ്.പി മിഡിലീസ്റ്റിലെ സ്മാർട്ട് ആൻഡ് ഡിജിറ്റൽ മേധാവി ഡോ. എസ്റ്റെഫാനിയ ടാപിയാസ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.കുവൈത്തിന്റെ സ്മാർട്ട് സിറ്റി സംരംഭങ്ങളിൽ കൈവരിച്ചിട്ടുള്ള സുപ്രധാന ഗവേഷണ പുരോഗതികളെക്കുറിച്ച് ഡോ. ജാഫറലി പരോൾ സെഷനിൽ സംസാരിച്ചു. സെൻസർ സാങ്കേതികവിദ്യയിലും ഡാറ്റാ അനലിറ്റിക്സിലുമുള്ള ദ്രുതഗതിയിലുള്ള പുരോഗതിയാണ് സ്മാർട്ട് സിറ്റി വികസനത്തിന്റെ പ്രധാന പ്രേരകഘടകങ്ങളെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നിർണായകമായ അടിസ്ഥാന സൗകര്യങ്ങളിൽ കെ.ഐ.എസ്.ആർ നടപ്പിലാക്കിയ ഡാറ്റാധിഷ്ഠിത മോണിറ്ററിങ് സിസ്റ്റത്തിന്റെ ഉദാഹരണങ്ങളും ഡോ.പരോൾ പങ്കുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.